ന്യഡല്‍ഹി: വ്യാജ അവകാശവാദങ്ങളുമായി പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കിയ കേസില്‍ യോഗ ആചാര്യന്‍ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. ( baba-ramdev-face-rude-criticism-from-supreme-court-in-patanjali-case )
കോടതി വിധി മാനിക്കാത്തതില്‍ ഇവരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മാപ്പെഴുതി കൊടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തെ സുപ്രിംകോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
|
തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയും മോഡേണ്‍ മെഡിസിനെ കളിയാക്കിയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നാണ് പതഞജലിക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി നോട്ടീസ് നല്‍കിയെങ്കിലും പതഞ്ജലി ഉടമകള്‍ പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.
കോടതിയില്‍ വീണ്ടും മാപ്പുപറഞ്ഞ് രക്ഷപ്പെടാനായിരുന്നു ബാബാ രാംദേവ് ശ്രമിച്ചത്. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാല്‍ ,ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു.
നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു പതഞ്ജലി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
ഒരു പാരഗ്രാഫിലാണോ മറുപടി നല്‍കേണ്ടത് എന്നു കോടതി ചോദിച്ചു. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണ്? കോടതിയില്‍ ഉറപ്പ് നല്‍കിയിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു രീതിയില്‍ പ്രസ്താവന നടത്തി. നിയമത്തിന്റെ എല്ലാ തലവും പതഞ്ജലി ലംഘിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രം ഇത്രയും കാലം കണ്ണടച്ചത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
വീണ്ടും മറുപടി നല്‍കാമെന്നും നേരിട്ട് മാപ്പ് പറയാമെന്നുമെല്ലാം ബാബാ രാംദേവ് പറഞ്ഞെങ്കിലും രാംദേവിനെ പഠിപ്പിക്കലല്ല കോടതിയുടെ പണിയെന്ന് ജഡ്ജിമാര്‍ പ്രതികരിച്ചു. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 10ന് ഇരുവരും കോടതിയില്‍ ഹാജരാകണം.
ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും കേസില്‍ കക്ഷിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.





