കോഴിക്കോട്: ഗ്രന്ഥകാരനും നാടകകൃത്തും താമരശ്ശേരിയുടെ ദേശചരിത്രകാരനുമായ ഹുസൈന് കാരാടി അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായി ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: ആമിന. മക്കള്‍: മുനീര്‍ അലി (സിനിമാ തിരക്കഥാകൃത്ത്), ഹസീന.മരുമക്കള്‍: ഷിയാസ്, സുമയ്യ.(Hussain Karadi passed away)
|
അതിനുമപ്പുറം (നാടകം), നക്ഷത്രങ്ങളുടെ പ്രണാമം (നോവല്‍), കരിമുകിലിന്റെ സംഗീതം (നോവല്‍), കായംകുളം കൊച്ചുണ്ണി (നോവല്‍), അടയാളശില (നോവല്‍), നാല് പട്ടിക്കുട്ടികള്‍ (നോവല്‍), അലാവുദ്ദീനും അത്ഭുതവിളക്കും (കുട്ടികളുടെ നോവല്‍), കാസിമിന്റെ ചെരിപ്പ് (കുട്ടികളുടെ നോവല്‍), മുസാഫിര്‍ (നോവല്‍), മുച്ചക്ര വണ്ടി (ഓര്‍മകുറിപ്പുകള്‍) തുടങ്ങി ഒട്ടേറെ കൃതികള്‍ ഹുസൈന് കാരാടി രചിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ നൂറിലധികം റേഡിയോ നാടകങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മുക്കുപണ്ടം, ഖുറൈശിക്കൂട്ടം, കൊച്ചരയത്തി എന്നീ നാടകങ്ങള്‍ അഖില കേരള റേഡിയോ നാടകോത്സവങ്ങളില്‍ അവതരിപ്പിക്കുകയുണ്ടായി. മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം എഴുത്തുകാരുടെ നോവലുകള്‍ റേഡിയോ നാടകരൂപം നല്കി അവതരിപ്പിച്ചു. ആനുകാലികങ്ങളില്‍ അന്‍പതിലധികം ചെറുകഥകള്‍ എഴുതി.
ഇരുപത്തിയേഴു വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ ഹെഡ് ക്ലാര്‍ക്കായാണ് വിരമിച്ചത്. താമരശ്ശേരി നവയുഗ ആര്‍ട്സിന്റെ സ്ഥാപക സെക്രട്ടറിയാണ്. 1991 മുതല്‍ തുടര്‍ച്ചയായി താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതി അംഗമാണ്. താമരശ്ശേരിയിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. പ്രാദേശിക സുവനീറുകളിലും ഓര്‍മപ്പുസ്തകങ്ങളിലും ദേശചരിത്രത്തിന്റെ ഓര്‍മകളുമായി അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.





