കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരില്‍ 2022ലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്ക്കെതിരേ സ്ത്രീപീഡനത്തിന് കേസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച്ച ആക്രമിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈസ്റ്റ് മിഡ്നാപൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ( NIA officials booked for molestation after being attacked in Bengal’s East Medinipur )
|
സത്രീകളുടെ ചാരിത്ര്യം ഹനിക്കാന്‍ ശ്രമിക്കുക, ഭവന ഭേദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അറസ്റ്റിലായ പ്രതികളുടെ കുടുംബക്കാരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് മനബ്രതോ ജാനയും നല്കിയ പരാതിയിലാണ് കേസെടുത്തതെന്ന് പോലീസ് പറയുന്നു. രാത്രി വൈകി, വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്.
തങ്ങളെ ആക്രമിച്ചതിനെതിരേ ഭൂപതിനഗര്‍ പോലീസ് സ്റ്റേഷനില്‍ എന്‍ഐഎ ശനിയാഴ്ച്ച പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ല.
2022 ഡിസംബറില്‍ മൂന്ന് പേര് കൊല്ലപ്പെട്ട സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഭൂപതി നഗറില്‍ എത്തിയത്. മൂന്ന് തൃണമൂല്‍ പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റിഡിയിലെടുത്തതിന് പിന്നാലെയാണ് പ്രദേശവാസികള്‍ ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനത്തിന് കേട്പാട് വരികയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നാലെ ബിജെപി, സിപിഎം പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ചൂടേറിയ വാഗ്വാദം തുടരുകയാണ്. ജനുവരി 5ന് നോര്‍ത്ത് 24 പര്‍ഗാനാസില്‍ ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതിന് സമാനമാണ് ഈ സംഭവമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
കൃത്യനിര്‍വഹണം നടത്തിയതിന്റെ പേരില്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തത് ഭരണഘടനയ്ക്ക് എതിരായ യുദ്ധമാണെന്ന് ബിജെപി രാജ്യസഭാ എംപി സര്നിക് ഭട്ടാചാര്യ ആരോപിച്ചു. സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തിയും സമാനമായ ആരോപണുമായി രംഗത്തെത്തി.
എന്നാല്‍, അര്‍ധരാത്രി വീട്ടിലേക്ക് അതിക്രമിച്ചു കയറിയാല്‍ മാനം രക്ഷിക്കാന്‍ സ്ത്രീകള്‍ പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ന്യായീകരിച്ചു. 2022ല്‍ നടന്ന സ്ഫോടനക്കേസില്‍, ഇപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് എന്‍ഐഎ ഉദ്യോഗസ്ഥരെത്തിയത് തൃണമൂല്‍ നേതാക്കളെ വേട്ടയാടാനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണെന്ന് ടിഎംസി നേതാവ് ജോയ് പ്രകാശ് മജുംദാര്‍ പ്രതികരിച്ചു.





