30
Apr 2024
Mon
30 Apr 2024 Mon
sdpi udf support

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നല്‍കിയ പിന്തുണ സംബന്ധിച്ച് എസ്ഡിപിഐ തീരുമാനം വൈകുന്നു. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് അറിയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ സെന്‍ട്രല്‍ വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞിരുന്നു. (SDPI decision on UDF support delayed; Both fronts with backdoor negotiations )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ശനിയാഴ്ച്ച യോഗം ചേരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ യോഗം വൈകുന്നതായാണ് സൂചന. ഇതോടെ പാര്‍ട്ടി തീരുമാനം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇരുമുന്നണികളും എസ്ഡിപിഐ നേതൃത്വത്തെ രഹസ്യമായി ബന്ധപ്പെടുന്നതായാണ് അറിവ്.

ഏപ്രില്‍ 1ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചത്. ദേശീയ സാഹചര്യങ്ങള്‍ പരിഗണിച്ച് പാര്‍ട്ടി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇതെന്നാണ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞത്.

തുടക്കത്തില്‍ ഇതിനെ തള്ളാതെ തന്ത്രപരമായ സമീപനമാണ് യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചത്. എസ്ഡിപിഐ പിന്തുണ തങ്ങളോട് ആലോചിക്കാതെ എടുത്ത തീരുമാനമാണെന്നും ആരുടെ വോട്ട് കിട്ടിയാലും സ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി. എന്നാല്‍, കേരളത്തില്‍ സിപിഎമ്മും ദേശീയ തലത്തില്‍ ബിജെപിയും ഇതിനെ വലിയ ആയുധമാക്കിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ യു ടേണ്‍ അടിക്കുകയായിരുന്നു. സംഘപരിവാര പ്രചാരണത്തില്‍ ഇടറിപ്പോയ കോണ്‍ഗ്രസ് നേതൃത്വം എസ്ഡിപിഐ പിന്തുണ തള്ളാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഏപ്രില്‍ 4ന് ആണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് അറിയിച്ചത്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു അത്. ഇതോടെ എസ്ഡിപിഐ വെട്ടിലായി.
mk raghavan sdpi

ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവവും ഭരണഘടനയും സംരക്ഷിക്കാന്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടാണ് ഇതെന്നും ആ സാഹചര്യം മാറാത്തത് കൊണ്ട് തന്നെ യുഡിഎഫിന് പിന്തുണ പിന്‍വലിക്കേണ്ട അടിയന്തര സ്ഥിതി ഇല്ലെന്നുമാണ് ഇതേക്കുറിച്ച് അഷ്‌റഫ് മൗലവി പ്രതികരിച്ചത്. എന്നാല്‍, യുഡിഎഫിന്റേത് രാഷ്ട്രീയ നെറികേടാണെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയരുന്നുണ്ട്.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സിഎഎയെക്കുറിച്ച് മിണ്ടാത്തതും പാര്‍ട്ടിയെ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്നതിന് പ്രധാനപ്പെട്ട രണ്ട് കാരണങ്ങളായി എസ്ഡിപിഐ ചൂണ്ടിക്കാട്ടിയിരുന്നത് ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്നതും സിഎഎ പിന്‍വലിക്കുമെന്നതും ആയിരുന്നു.
sdpi and ldf leaders

പിന്തുണ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ എല്‍ഡിഎഫ് നേതാക്കള്‍ നിരന്തരം എസ്ഡിപിഐ നേതൃത്വവുമായി ബന്ധപ്പെടുന്നതായാണ് വിവരം. കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും എസ്ഡിപിഐ തീരുമാനം മാറ്റാതിരിക്കാന്‍ യുഡിഎഫ് നേതാക്കളും ശ്രമമാരംഭിച്ചിട്ടുണ്ട്. തങ്ങളുടെ നിര്‍ബന്ധിത സാഹചര്യം വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ എസ്ഡിപിഐ നേതൃത്വത്തെ ബന്ധപ്പെടുന്നുണ്ട്.

ഏപ്രില്‍ 13ന് എസ്ഡിപിഐ പ്രവര്‍ത്തക സമിതി ചേരുമെന്നാണ് അറിയുന്നത്. ഇതില്‍ തീരൂമാനം കൈക്കൊള്ളുകയും തിരഞ്ഞെടുപ്പിനോട് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കാനുമാണ് എസ്ഡിപിഐ നീക്കം. 2019ലേതില്‍ നിന്ന് വ്യത്യസ്ഥമായി സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ഇക്കുറി കടുത്ത മല്‍സരമാണ് നടക്കുന്നത്. കാസര്‍കോഡ്, കണ്ണൂര്‍, വടകര ഉള്‍പ്പെടെയുള്ള ഈ മണ്ഡലങ്ങളില്‍ എസ്ഡിപിഐ തീരുമാനം നിര്‍ണായകമാവും. അതുകൊണ്ട് തന്നെ എസ്ഡിപിഐ വോട്ടുകള്‍ എങ്ങിനെയും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ഇരുമുന്നണികളും.