02
Apr 2024
Tue
02 Apr 2024 Tue
flood and heavy rain in uae

ദുബൈ: യുഎഇയില്‍ രണ്ടാം ദിവസവും അസാധാരണമാം വിധം കനത്ത മഴ തുടരുന്നു. ഇന്ന് വൈകുന്നേരത്തോട് കൂടി മഴ കനക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാത്രി ആരംഭിച്ച മഴ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. താഴ്ന്ന പ്രദേശങ്ങളിലെ ഷോപ്പുകളില്‍ വെള്ളം കയറി. ( Floods and landslides in UAE; Shops flooded; Many flights were cancelled )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാസല്‍ഖൈമയിലും അല്‍െഎനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് റോഡുകള്‍ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ദുബയില്‍ നിന്നുള്ള 17 വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ പറഞ്ഞു. പ്രധാന ഹൈവേകളിലടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പല മേഖലകളിലും ഗതാഗതം തടസ്സപ്പെട്ടു. ഷാര്‍ജയിലും മറ്റും താഴ്ന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കകത്തേയ്ക്ക് മഴവെള്ളം എത്തിയതിനാല്‍ അടച്ചിടേണ്ടിവന്നു.
land slide in uae

രാജ്യത്ത് ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ യുഎഇ അധികൃതര്‍ അഭ്യര്‍ഥിച്ചു. അതേസമയം, രാജ്യത്തെ സ്‌കൂളുകളെല്ലാം ഇന്ന് ഓണ്‍ലൈന്‍ പഠനമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിര്‍ദേശവുമുണ്ടായി.

കനത്ത മഴയില്‍ റാസല്‍ഖൈമയിലെ അല്‍ ഷുഹാദ (രക്തസാക്ഷി) സ്ട്രീറ്റ് തകര്‍ന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശം പൊലീസ് നിയന്ത്രണത്തിലായി. ഇന്ന് രാവിലെ എമിറേറ്റ്സ് റോഡിലേക്ക് പോകുന്ന തെരുവിന്റെ വശത്തായിരുന്നു മണ്ണിടിച്ചിലുണ്ടായത്.

അല്‍ ഐനിലെ അല്‍ക്വാ മേഖലയിലും വന്‍ മണ്ണിടിച്ചിലുണ്ടായി. റോഡരികില്‍ ഭീമാകാരമായ ഗര്‍ത്തവുമുണ്ടായി. കനത്ത മഴയില്‍ വാദികള്‍ (തടാകങ്ങള്‍) കവിഞ്ഞൊഴുകുന്നതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചൊവ്വാഴ്ച്ച 17 വിമാനങ്ങള്‍ റദ്ദാക്കിയതായി ദുബൈ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലവിലുള്ള സാഹചര്യത്തിലാണിത്.