02
Apr 2024
Wed
02 Apr 2024 Wed
UAE RECORD BREAKING RAIN

ദുബൈ: ഇന്നലെ യുഎഇയില്‍ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴ. രാജ്യത്ത് 75 വര്‍ഷത്തിനിടയില്‍ ഇത്രയും കനത്ത മഴ ലഭിക്കുന്നത് ഇതാദ്യമാണെന്ന് കലാവസ്ഥാ വിഭാഗം പറയുന്നു. അല്‍ഐനിലെ ഖതം അല്‍ ശഖ്‌ല ഏരിയയില്‍ 24 മണിക്കൂറിനിടെ ലഭിച്ചത് 254.88 മില്ലീമീറ്റര്‍ മഴയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ( UAE witnesses record-breaking rains, highest in 75 years )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ഷത്തില്‍ ആറുമാസം മഴ പെയ്യുന്ന കേരളത്തില്‍ നിന്നെത്തിയ പ്രവാസികള്‍ പോലും ചൊവ്വാഴ്ച യു.എ.ഇയില്‍ പെയ്ത മഴ കണ്ട് അത്ഭുതപ്പെട്ടു. ഉച്ചയ്ക്ക് മൂന്നു മണിയോടെ അന്തരീക്ഷം പൊടുന്നനെ കറുത്തിരുണ്ട് രാത്രിപോലെ ആവുകയായിരുന്നു. അല്‍പ സമയത്തിനകം ശക്തമായ കാറ്റും ഇടിമിന്നലും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമായി മഴ തുടങ്ങി. കര്‍ക്കടകത്തില്‍ പോലും ഇത്രയും വലിയ പെരുമഴ നാട്ടില്‍ കണ്ടില്ലെന്ന് പല പ്രവാസികളും അഭിപ്രായപ്പെട്ടു.

വാദിയില്‍ കുടുങ്ങി സ്വദേശി മരിച്ചു

ശക്തമായ മഴയില്‍ രാജ്യത്തിന്റെ പല ഭാഗത്തും കനത്ത നാശനഷ്ടമുണ്ടായി. റാസല്‍ഖൈമയില്‍ വാദിയില്‍ കാര്‍ ഒലിച്ചു പോയി സ്വദേശി മരിച്ചു. വാദി ഇസ്ഫിനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചത്.

രാജ്യത്തെ പ്രധാന റോഡുകള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. വമ്പന്‍ മാളുകളില്‍ മേല്‍ക്കൂര ചോര്‍ന്ന് വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എമിറേറ്റ്‌സ് മാളില്‍ ശക്തമായ ചോര്‍ച്ചയെ തുടര്‍ന്ന് സീലിങ് അടര്‍ന്നു വീണു.

മെട്രോ സര്‍വീസ് നിര്‍ത്തി
ദുബൈ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് 200ഓളം യാത്രക്കാര്‍ ജബല്‍ അലി മെട്രോ സ്‌റ്റേഷനില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്ന് കണ്‍വീനിയന്‍സ് സ്‌റ്റോറുകളും അടച്ചിട്ടതോടെ ദുരിതം ശക്തമായി. സെന്റര്‍ പോയിന്റ് ഭാഗത്തേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് പലരും എട്ട് മണിക്കൂറിലേറെ സ്റ്റേഷനില്‍ തങ്ങേണ്ടി വന്നു.

ഇന്നും മഴ
രാജ്യത്ത് ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇന്നും ഓണ്‍ലൈനില്‍ ജോലി തുടരാവുന്നതാണ്. എന്നാല്‍, അവശ്യ മേഖലയില്‍ ഉള്ളവര്‍ ജോലി സ്ഥലത്തെത്തണം. സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടക്കും.