21
Apr 2024
Mon
21 Apr 2024 Mon

എതിരാളികളില്ലാതെ റയല്‍; എല്‍ക്ലാസിക്കോയില്‍ ബാഴ്‌സ വീണു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഡ്രിഡ്: സ്പാനിഷ് എല്‍ക്ലാസിക്കോയില്‍ ചിരവൈരികളായ ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി റയല്‍ മാഡ്രിഡ്. എല്‍ക്ലാസികോ പോര് ജയിച്ചതോടെ ലാ ലിഗയില്‍ കിരീടത്തിലേക്ക് റയല്‍ ഒന്നുകൂടി അടുത്തു. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ വീഴ്ത്തിയത്.

രണ്ടു തവണ പിന്നില്‍പോയ കാര്‍ലോ ആഞ്ചലോട്ടിയും സംഘവും ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെ ഇന്‍ജുറി ഗോളിലാണ് മത്സരം ജയിച്ചുകയറിയത്. ജയത്തോടെ ലീഗിന്റെ തലപ്പത്തുള്ള റയലിന്റെ ലീഡ് വ്യത്യാസം 11 പോയന്റായി. 32 മത്സരങ്ങളില്‍നിന്ന് 81 പോയിന്റാണ് ക്ലബ്ബിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സക്ക് ഇത്രയും മത്സരങ്ങളില്‍നിന്ന് 70 പോയന്ടറും ലഭിച്ചു. ആറു മത്സരങ്ങളാണ് ലീഗില്‍ ഇനി ബാക്കിയുള്ളത്

ആറാം മിനിറ്റില്‍ ആന്ദ്രെസ് ക്രിസ്റ്റെന്‍സെന്‍സിലൂടെ ബാഴ്‌സയാണ് മത്സരത്തില്‍ ലീഡെടുത്തത്. റാഫിഞ്ഞ എടുത്ത കോര്‍ണര്‍ ഒഴിഞ്ഞുമാറി നിന്ന താരം ടോണി ക്രൂസിന്റെ മുകളിലൂടെ ചാടി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലാക്കി. തൊട്ടു പിന്നാലെ ബ്രസീല്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിന് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. 18ാം മിനിറ്റില്‍ വിനീഷ്യന്റെ പെനാല്‍റ്റി ഗോളിലൂടെ റയല്‍ ഒപ്പമെത്തി.

ബോക്‌സിനുള്ളില്‍ ബാഴ്‌സ താരം കുബാര്‍സി റയലിന്റെ വാസ്‌ക്വസിനെ വീഴ്ത്തിതയിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത വിനീഷ്യസ് പന്ത് അനായാസം വലയിലാക്കി. ലാമിന്‍ യമാലിന്റെ ഡയറക്ട് കോര്‍ണര്‍ ഗോളിലൂടെ ബാഴ്‌സ ലീഡെടുത്തെന്ന് തോന്നിപ്പിച്ചിരുന്നു. റയല്‍ ഗോളി ലുനിന്റെ ഗോള്‍ സേവ് വര കടന്നെന്ന് ബാഴ്‌സ താരങ്ങള്‍ വാദിച്ചെങ്കിലും ഗോള്‍ ലൈന്‍ സംവിധാനം ഇല്ലാത്ത ലീഗില്‍ വിഡിയോ അസിസ്റ്റന്റ് റഫറി ഗോള്‍ നിഷേധിച്ചു.

69ാം മിനിറ്റില്‍ ലോപ്പസിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. ലുനിന്‍ തട്ടിയകറ്റിയ റീ ബൗണ്ട് പന്താണ് ക്ലോസ് റേഞ്ചില്‍നിന്ന് ലോപ്പസ് വലയിലാക്കിയത്. നാലു മിനിറ്റിനുള്ളില്‍ വാസ്‌ക്വസിന്റെ ഗോളിലൂടെ റയല്‍ വീണ്ടും സമനില പിടിച്ചു. വിനീഷ്യസിന്റെ ക്രോസില്‍ മാര്‍ക്ക് ചെയ്യാതിരുന്ന താരത്തിന്റെ മനോഹര വോളിയാണ് വലയിലെത്തിയത്.

ഇന്‍ജുറി ടൈമില്‍ (90+1) വാസ്‌ക്വസിന്റെ ക്രോസിലൂടെയാണ് ബെല്ലിങ്ഹാം ടീമിന്റെ വിജയഗോള്‍ നേടുന്നത്. ലാ ലിഗയില്‍ ബാഴ്‌സലോണക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനും ജൂഡിന് സാധിച്ചു. ഇതിനുമുമ്പ് ബാഴ്‌സലോണക്കെതിരെ രണ്ട് മത്സരങ്ങളില്‍ ഗോള്‍ നേടിയത് മുന്‍ നെതര്‍ലാന്‍ഡ് താരം നിസ്റ്റല്‍റൂയ് ആയിരുന്നു. 2007ല്‍ ആയിരുന്നു ഡച്ച് താരം ഈ നേട്ടത്തില്‍ എത്തിയിരുന്നത്. നീണ്ട 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി റയലിന്റെ പരാജയം അറിയാത്ത 28ാം മത്സരമാണിത്. 22 ജയവും ആറു സമനിലയും. 2023 ഏപ്രില്‍ എട്ടിന് വിയ്യാറയലിനെതിരെയാണ് അവസാനമായി റയല്‍ തോറ്റത്.

ഏപ്രില്‍ 27ന് റയല്‍ സോസിഡാഡിനെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. സോസിഡാഡിന്റെ തട്ടകമായ അനോട്ട സ്റ്റേഡിയമാണ് വേദി. ഏപ്രില്‍ 30ന് നടക്കുന്ന മത്സരത്തില്‍ വലന്‍സി ആണ് ബാഴ്‌സയുടെ എതിരാളികള്‍. കറ്റാലന്‍മാരുടെ തട്ടകമായ ഒളിമ്പിക്‌സ് ലൂയിസ് കോമ്പനീസ് സ്റ്റേഡിയമാണ് വേദി.

Real Madrid beat Barcelona in Spanish League