ദുബൈ: പ്രളയത്തില്‍ വീടുകള്‍ വെള്ളം കയറി നശിച്ച ദുബൈ നിവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കി സര്‍ക്കാര്‍. ഇവര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ( Dubai will provide free accommodation and food for flood victims )
|
മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ പിന്തുണ ലഭിക്കും. നടപടികളുടെ പുരോഗതി നേരിട്ട് നിരീക്ഷിക്കും. പൗരന്മാരുടെ ക്ഷേമത്തിനാണ് മുന്‍ഗണനയെന്നും ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി.
കെട്ടിട നിര്‍മാതാക്കള്‍, കമ്പനികള്‍ എന്നിവയാണ് താമസക്കാര്‍ക്ക് ബദല്‍ സംവിധാനവും ഭക്ഷണവും നല്‍കേണ്ടത്. വെള്ളം കയറി നശിച്ച കെട്ടിടം ശുചീകരിക്കേണ്ടതും കെട്ടിട ഉടമകളാണ്. ഇതിനായി താമസക്കാരില്‍നിന്ന് അധിക തുക ഈടാക്കരുത്. കെട്ടിടം ശുചീകരിച്ച് അണുവിമുക്തമാക്കിയ ശേഷമേ താമസക്കാരെ പ്രവേശിപ്പിക്കാവൂ.
വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലെ കെട്ടിടത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാനും നാശനഷ്ടങ്ങള്‍ രേഖപ്പെടുത്താനും നിര്‍ദേശിച്ചു. ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ക്ക് ദുബൈ ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ്, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്റ്‌സ് എന്നിവ മേല്‍നോട്ടം വഹിക്കും.
ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ദുബയിലെ ഇസ്‌ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ‘ജൂദ്’ പ്ലാറ്റ്‌ഫോം വഴി സംഭാവന സ്വീകരിക്കാന്‍ സാമൂഹിക വികസന അതോറിറ്റിക്ക് അനുമതി നല്‍കി.





