അരീക്കോട്: ന്യൂന പക്ഷ കമ്മീഷന്‍ ഉത്തരവ് പ്രകാരം അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാന്‍ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടും ആശുപത്രി സൂപ്രണ്ട് ഉത്തരവ് നടപ്പാക്കിയില്ല. കമ്മീഷന്റെ ഫെബ്രുവരി 23ലെ സിറ്റിങ് പ്രകാരം ആരോഗ്യ മന്ത്രി അടിയന്തര യോഗം ചേരുകയും ഫെബ്രുവരി 27നകം അത്യാഹിത വിഭാഗം തുടങ്ങാനും ആവശ്യമായ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിച്ചും ഉത്തരവായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പ്രസ്തുത ദിവസം അത്യാഹിത വിഭാഗം തുടങ്ങുന്നതിന്ന് തടസ്സം ഉള്ളതായി മേലധികാരികളെ താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു.(Areekkode taluk hospital superintendent didn’t implement health minister’s order )
|
ജനരോഷം ശക്തമായതിനെ തുടര്‍ന്ന് പി കെ ബഷീര്‍ എംഎല്‍എ, ഡി എം ഒ ഡോ. രേണുക എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി വികസന സമിതി ഫെബ്രുവരി 29ന് ചേരുകയും 21 ദിവസത്തിനകം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം അത്യാഹിത വിഭാഗം തുടങ്ങുമെന്ന് വികസന സമിതി അധ്യക്ഷയായ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുക്കിയ ശംസു യോഗത്തെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പ് ഡയറ്കടറെയും അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്നും അവലഭ്യമാക്കുന്നതോടെ തുടങ്ങുന്നതിന് തടസ്സം ഇല്ലെന്നുമായിരുന്നു സൂപ്രണ്ട് മേലധികാരികളെ അറിയിച്ചിരുന്നത്.
ആശുപത്രി വികസന സമിതിയോഗം ഇക്കാര്യം ചര്‍ച്ച ചെയ്ത് ആവശ്യമായ ഉപകരണങ്ങള്‍ പൊതുജന പങ്കാളിത്വത്തോടെ വാങ്ങി നല്‍കാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അരീക്കോട് സര്‍ജിക്കല്‍ ഏജന്‍സി ഒന്നര മാസം മുമ്പ് ഉപകരണങ്ങള്‍ എത്തിച്ചെങ്കിലും പണം ലഭ്യമാക്കാത്തത് കാരണം ആശുപത്രി അധികൃതരെ ഏല്‍പ്പിക്കാന്‍ തയ്യാറായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അരീക്കോട്ടെ പ്രമുഖ വ്യാപാരിയും മറ്റും ചേര്‍ന്ന് ഏജന്‍സിയെ പണം ഏല്‍പ്പിച്ചെങ്കിലും ഉപകരണം ഏറ്റെടുക്കാന്‍ ആശുപത്രി സൂപ്രണ്ട് നാളിതുവരെ തയ്യാറായിട്ടില്ല.
അത്യാഹിത വിഭാഗത്തിലേക്ക് നിയമിച്ച ഡോക്ടര്‍മാര്‍ നിലവില്‍ ഒ പിയില്‍ സേവനം ചെയ്യുകയാണ്. നിലവില്‍ 14 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടും അത്യാഹിത വിഭാഗം നടപ്പാക്കുന്നതിന് ആശുപത്രി സൂപ്രണ്ട് ഡോ. അബൂബക്കര്‍ തയ്യാറാകുന്നില്ല. കാലത്ത് എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ഒ പിയും ഒന്ന് മുതല്‍ തൊട്ടടുത്ത ദിവസം കാലത്ത് എട്ട് വരെ അത്യാഹിത വിഭാഗം പ്രവര്‍ത്തിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്.
ഈ ഉത്തരവാണ് രണ്ട് മാസമായിട്ടും ഇവിടെ നടപ്പാക്കാതിരിക്കുന്നത്.
ഉത്തരവ് നടപ്പാക്കുന്നതില്‍ കാലംതാമസം വരുത്തിയ ആശുപത്രി സൂപ്രണ്ടിനെതിരെ വകുപ്പ് നടപടി സീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് അരിക്കോട് താലൂക്ക് ആശുപത്രി ഫോറത്തിന് കീഴില്‍ ജനകീയ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയതായി ആശുപത്രി സേവ് അരിക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികള്‍ അറിയിച്ചു.


