28
Apr 2024
Tue
28 Apr 2024 Tue

ഏക മകള്‍ ജീവനൊടുക്കി, പിന്നാലെ അമ്മ ഹൃദയാഘാതംമൂലം മരിച്ചു; മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: കണ്ണൂരില്‍ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. ഏക മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ പിന്നാലെ അമ്മ ഹൃദയാഘാതംമൂലം മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

കൊറ്റാളിക്കാവിന് സമീപത്തെ വീട്ടില്‍, എഴുപത്തിയെട്ടുകാരി സുനന്ദ ഷേണായിയും നാല്‍പ്പത്തിയെട്ടുകാരിയായ മകള്‍ ദീപയും മാത്രമായിരുന്നു താമസം. ദുര്‍ഗന്ധത്തെ തുടര്‍ന്ന് അയല്‍വാസി രാവിലെ നോക്കിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ജനലുകളും വാതിലും തുറന്നിട്ട നിലയിലായിരുന്നു. ദീപയെ ഡൈനിങ് ഹാളിലും സുനന്ദയെ അടുക്കളയോട് ചേര്‍ന്നുമാണ് കണ്ടത്. വോട്ട് ചെയ്യാന്‍ വെളളിയാഴ്ച ഇരുവരും തൊട്ടടുത്തുളള കൊറ്റാളി സ്‌കൂളില്‍ പോയിരുന്നു. അന്ന് വൈകീട്ട് മൂന്ന് മണി വരെ കണ്ടവരുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് ദീപ ആത്മഹത്യചെയ്‌തെന്നും മകള്‍ മരിച്ചതറിഞ്ഞ് ഹൃദയാഘാതത്താലാണ് സുനന്ദയുടെ മരണമെന്നുമാണ് പോലീസിന്റെ നിഗമനം. ബാഹ്യ ഇടപെടലുകളുണ്ടായിട്ടില്ലെന്നാണ് പോലീസ് പരിശോധനയ്ക്കുശേഷം പറഞ്ഞത്. സുനന്ദയുടെ മൃതദേഹം അടുക്കളയിലും ദീപയുടേത് ഡൈനിങ് ഹാളിലുമായിരുന്നു.

വീട്ടില്‍നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലുള്ളവര്‍ തിങ്കളാഴ്ച രാവിലെ പോയി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. വീട്ടിനുള്ളില്‍ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 20 വര്‍ഷം മുന്‍പ് സുനന്ദയുടെ ഭര്‍ത്താവ് വിശ്വനാഥ് ഷേണായി കനറാ ബാങ്കില്‍നിന്ന് വിരമിച്ചശേഷമാണ് കൊറ്റാളിയിലെ വീട് വിലയ്‌ക്കെടുത്തത്. വിശ്വനാഥന്റെ മരണശേഷം 10 വര്‍ഷത്തോളമായി സുനന്ദയും മകള്‍ ദീപയും മാത്രമായാണ് ഇവിടെ താമസം. അയല്‍വാസികളുമായി ഇരുവര്‍ക്കും കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല. ദീപ അവിവാഹിതയാണ്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.

mother and daughter found dead inside house