കോഴിക്കോട്: സമസ്തയിലെ ഇടത് അനുകൂലികളും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. എല്‍ഡിഎഫിന് അനുകൂലമായി സമസ്തയിലെ ചില ഉന്നത നേതാക്കള്‍ തന്നെ രംഗത്ത് വന്നു തൂടങ്ങിയതോടെ എതിര്‍പ്പുമായി മറുപക്ഷവും രംഗത്തെത്തി. ( not to interfere in the internal affairs of the League; KM Shaji lashed out at Umar Faizi )
|
സമസ്തയിലെ ഇടത് അനുകൂല നിലാടുകാരനായ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുസ്‌ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെന്നാണ് ഉമര്‍ ഫൈസിയെ വിമര്‍ശിച്ചു കൊണ്ട് കെ എം ഷാജി പറഞ്ഞത്.
ലീഗിന്റെ ജനറല്‍ സെക്രട്ടറി ആരെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. സിറാത്ത് പാലം, കാഫിര്‍ തുടങ്ങിയവയില്‍ ഉമര്‍ ഫൈസിയുടെ ഉപദേശം സി.പി.എമ്മിന് സ്വീകരിക്കാമെന്നും ഷാജി വ്യക്തമാക്കി.
ഉത്തരേന്ത്യയില്‍ ബി.ജെ.പി ചെയ്യുന്ന ജോലി കേരളത്തില്‍ സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. വടകരയില്‍ ലീഗിന്റെ കൊടി കാണുമ്പോള്‍ ഹാലിളകുന്ന സി.പി.എം ഒരു ഭാഗത്താണെങ്കില്‍, ഇതേ വര്‍ഗീയതയാണ് വടക്കേന്ത്യയില്‍ പച്ചക്കൊടി കാണുമ്പോള്‍ ആര്‍.എസ്.എസുകാരന് ഉണ്ടാകുന്നത്.
ഉമര്‍ ഫൈസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് സി.കെ. ജനാഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉപാധികളില്ലാതെ ലാഭേഛകളില്ലാതെ മുശാവറയില്‍ ഇരുന്ന പാരമ്പര്യത്തിന് കര്‍മ്മം കൊണ്ടും ശബ്ദം കൊണ്ടും അപവാദമാണ് ഉമര്‍ ഫൈസി മുക്കം എന്നാണ് സി.കെ. ജനാഫ് ഫേസ്ബുക്ക് കുറിച്ചത്.
സമസ്തയിലെ മുസ്‌ലിം ലീഗ് വിരുദ്ധരും അനുകൂലികളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കേ ഉമര്‍ ഫൈസിയുടെ വീട്ടില്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എം.വി. ജയരാജന്‍ സന്ദര്‍ശനം കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഭിന്നത പരമാവധി മുതലെടുക്കാനുള്ള ശ്രമങ്ങളുമായി എല്‍ഡിഎഫ് നേതാക്കളും രംഗത്തുണ്ട്. എപി, ഇകെ പിളര്‍പ്പിന് സമാനമായ രീതിയിലേക്ക് കാര്യങ്ങള്‍ വളരുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. എന്നാല്‍, ലീഗ് അനുകൂലികള്‍ക്ക് സമസ്തയില്‍ ശക്തമായ മേധാവിത്വം ഉള്ളതിനാല്‍ എതിര്‍ വിഭാഗം അധികം വൈകാതെ ഒതുക്കപ്പെടാനാണ് സാധ്യത.





