മലപ്പുറം: SSLC പരീക്ഷാ ഫലപ്രഖ്യാപനം വന്നിട്ടും തുടര്‍ പഠനത്തിന് ആവശ്യമായ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നതില്‍ മലബാര്‍ ജില്ലകളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്. പ്രഥമ ഘട്ടമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 10 ന് വെളളിയാഴ്ച മലപ്പുറത്ത് നൈറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
|
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടി വിജയിച്ച മലപ്പുറം ജില്ല ഉള്‍പ്പെടുന്ന മലബാര്‍ ജില്ലകളില്‍ തുടര്‍പഠനത്തിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. മലബാറിനോട് വര്‍ഷങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ സീറ്റ് വര്‍ധന എന്ന തല്‍ക്കാലിക സംവിധാനത്തിലൂടെ ഉത്തരവാദിത്തപ്പെട്ടവര്‍ രക്ഷപ്പെടുകയാണ് പതിവ്. ഇത് കാരണം അധ്യാപകവിദ്യാര്‍ത്ഥി അനുപാതം പരിഗണിക്കാത്ത അശാസ്ത്രീയമായ ക്ലാസ്സ് മുറികളാണ് ഉണ്ടാവുക. ഇത് വിദ്യാഭ്യാസ നിലവാരത്തെയും സ്‌കൂള്‍ അച്ചടക്കത്തെയും പോലും ദോഷകരമായി ബാധിക്കും. താല്‍ക്കാലിക പരിഹാരത്തിന്റെ ഭാഗമായി 40 വിദ്യാര്‍ഥികള്‍ ഇരിക്കേണ്ട ക്ലാസില്‍ 70 വിദ്യാര്‍ത്ഥികള്‍ വരെ ഇരിക്കേണ്ടിവരുന്ന സീറ്റ് വര്‍ധനവ് എന്ന പരിഹാരം അറിവ് തേടിയെത്തുന്നവരോടുള്ള ക്രൂരതയാണ്. ആവശ്യാനുസരണം ബാച്ചുകള്‍ വര്‍ധിപ്പിക്കുക മാത്രമാണ് യഥാര്‍ത്ഥ പരിഹാരം.
ഭരണകൂടങ്ങള്‍ക്ക് മലബാറിലെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസ അവസര നിഷേധത്തിന്റെയും വിവേചനത്തിന്റെയും ഭീകരാവസ്ഥ മനസ്സിലായിട്ടും ശാശ്വത പരിഹാരം കാണാത്തത് വിദ്യാര്‍ത്ഥിസമൂഹത്തോടുള്ള വെല്ലുവിളിയാണ്.
തുടര്‍ പഠനത്തിന് ഹയര്‍സെക്കന്‍ഡറി സീറ്റ് ഇല്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്ഥാപനങ്ങളിലാണ് പഠിക്കാനായി ചേര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ഇത്തവണയും മലബാറിലെ വിദ്യാര്‍ഥികളെ അവഗണനയുടെ പുറത്തിരുത്താനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്നും മലബാര്‍ ജില്ലകളില്‍ ആവശ്യമായ ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നതുവരെ ശക്തമായ സമര പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.


