28
May 2024
Fri
28 May 2024 Fri
Asaduddin Owaisi Navneet Rana

ഹൈദരാബാദ്: ബിജെപി എംപിയുടെ ഭീഷണിക്കെതിരേ ചുട്ടമറുപടിയുമായി അസദൂദ്ദീന്‍ ഉവൈസി. എ.ഐ.എം.ഐ.എം നേതാക്കളായ അസദുദ്ദീന്‍ ഉവൈസിക്കും സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിക്കുമെതിരെ ഭീഷണി മുഴക്കിയ മഹാരാഷ്ട്രയില്‍നിന്നുള്ള ബി.ജെ.പി എം.പിയും നടിയുമായ നവ്‌നീത് റാണയ്ക്കാണ് വായടപ്പന്‍ മറുപടി. ( BJP MP Navneet rana and Asaduddin Owaisi row )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊലീസിനെ 15 സെക്കന്‍ഡ് ഡ്യൂട്ടിയില്‍നിന്ന് മാറ്റിയാല്‍, ഉവൈസി സഹോദരങ്ങള്‍ എവിടെനിന്ന് വന്നെന്നും എവിടേക്ക് പോയെന്നും അറിയാത്ത സ്ഥിതിയുണ്ടാകുമെന്നായിരുന്നു അമരാവതി മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ നവ്‌നീതിന്റെ ഭീഷണി. ഹൈദരാബാദില്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു നവ്‌നീത് റാണയുടെ പരാമര്‍ശം. അക്ബറുദ്ദീന്‍ ഉവൈസിയുടെ പഴയൊരു പ്രസംഗത്തിന് മറുപടിയായായിരുന്നു ഭീഷണി.

ഒട്ടും വൈകാതെ തന്നെ നവ്‌നീതിന് ചുട്ട മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. ’15 സെക്കന്‍ഡിന് പകരം, അവര്‍ക്ക് ഒരു മണിക്കൂര്‍ കൊടുക്കാന്‍ ഞാന്‍ മോദിജിയോട് ആവശ്യപ്പെടുന്നു. ഞങ്ങള്‍ക്ക് ഭയമില്ല. നിങ്ങളില്‍ എത്രത്തോളം മനുഷ്യത്വം അവശേഷിക്കുന്നുണ്ടെന്ന് കാണാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ തയാറാണ്. ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ അങ്ങനെയാവട്ടെ. പ്രധാനമന്ത്രി നിങ്ങളുടേതാണ്, ആര്‍.എസ്.എസ് നിങ്ങളുടേതാണ്, ആരും നിങ്ങളെ തടയില്ല. എവിടെ വരണമെന്ന് പറയൂ, ഞങ്ങള്‍ അവിടെ വരാം’ -ഉവൈസി പറഞ്ഞു.

ഇത്തവണ അമരാവതി മണ്ഡലത്തില്‍നിന്ന് തോല്‍ക്കുമെന്ന് മനസ്സിലാക്കിയാണ് നവ്‌നീത് റാണ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിക്കുന്ന ബിജെപിക്കെതിരേ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2019ല്‍ മഹാരാഷ്ട്രയിലെ അമരാവതി ലോക്സഭ മണ്ഡലത്തില്‍നിന്ന് എന്‍.സി.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച നവ്നീത് റാണ കഴിഞ്ഞ മാര്‍ച്ചിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2004ല്‍ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നവ്‌നീത് റാണ 2009ല്‍ മമ്മൂട്ടി നായകനായ ‘ലവ് ഇന്‍ സിംഗപൂര്‍’ എന്ന ചിത്രത്തില്‍ നായികയായി എത്തിയിരുന്നു.