30
May 2024
Sat
30 May 2024 Sat
Popular front of india supreme court order

ന്യൂഡല്‍ഹി: മുന്‍ പോപുലര്‍ ഫ്രണ്ട്(പിഎഫ്‌ഐ) പ്രവര്‍ത്തകരായിരുന്ന എട്ടുപേരുടെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി. (Supreme Court Sets Aside Bail Granted To PFI Members In UAPA Case) 2023 ഒക്ടോബറില്‍ മദ്രാസ് ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. യുഎപിഎ പ്രകാരം പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയെന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സിയുടെ അപ്പീലിലാണ് ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിചാരണ വേഗത്തിലാക്കാന്‍ കോടതി നിര്‍ദേശിച്ചു. ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ഗൗരവം, പ്രതികള്‍ ഒന്നര വര്‍ഷം മാത്രമാണ് ജയിലില്‍ കിടന്നത്, എന്‍ഐഎ ഹാജരാക്കിയ തെളിവുകളുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ ജാമ്യം റദ്ദാക്കവേ കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ ശരിയാണെന്ന് തോന്നിയാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് യുഎപിഎ നിയമം നിഷ്‌കര്‍ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഹൈക്കോടതി നല്‍കിയ ജാമ്യം നിലനില്‍ക്കില്ല. ഹൈക്കോടതി ജാമ്യം നല്‍കിയാല്‍ ധൃതിപിടിച്ച് ഇടപെടേണ്ടതില്ലെന്നത് കീഴ്‌വഴക്കമാണ്. എന്നാല്‍, ജാമ്യം നില്‍കിയത് നിയമവിരുദ്ധമാണെന്ന് വ്യക്തമായാല്‍ അത് തള്ളേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ദേശസുരക്ഷയാണ് പരമപ്രധാനമെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ഫണ്ട് സ്വരൂപിച്ചെന്നാണ് എന്‍ഐഎയുടെ പ്രധാന ആരോപണം.

ബറകത്തുള്ള, ഇദ്രിസ്, മുഹമ്മദ് അബുതാഹിര്‍, ഖാലിദ് മുഹമ്മദ്, സയ്യിദ് ഇസ്ഹാഖ്, ഖാജാ മുഹ്‌യുദ്ദീന്‍, യാസര്‍ അറഫാത്ത്, ഫയാസ് അഹമ്മദ് എന്നിവരെയാണ് യു.എ.പി.എ ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നത്. കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി ഫണ്ട് ശേഖരിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

പി.എഫ്.ഐ നിയമവിരുദ്ധ സംഘടന മാത്രമാണെന്നും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഇവര്‍ക്ക് ജാമ്യം നല്‍കിയ വേളയില്‍ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലോ ഏതെങ്കിലും തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെയോ അത്തരം പരിശീലനം നേടിയതിന്റേയോ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതെന്ന പേരില്‍ എന്‍ഐഎ ഹാജരാക്കിയ രേഖയില്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത ആര്‍എസ്എസ് നേതാക്കളുടെ ചിത്രങ്ങളുണ്ട്. ഇത് അവരെ അപായപ്പെടുത്താന്‍ തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റാണെന്നുമുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തലെന്ന് ഇത് സംബന്ധമായുള്ള ലൈവ് ലോയുടെ റിപോര്‍ട്ടില്‍ പറയുന്നു.

2022 സപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേക്ക് ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത പലതും പൊതുജങ്ങള്‍ക്ക് വിതരണം ചെയ്ത ലഘുലേഖകളും പുസ്തകങ്ങളുമായിരുന്നു. ഇവ കുറ്റകൃത്യത്തിനുള്ള തെളിവായി അവതരിപ്പിച്ച എന്‍ഐഎ നടപടി മുമ്പ് പല കോടതികളും വിമര്‍ശിച്ചിരുന്നു.