01
May 2024
Thu
01 May 2024 Thu
All eyes on rafah

ന്യൂഡല്‍ഹി: ഗസയിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ ഇസ്രായേല്‍ സൈന്യം നടത്തുന്ന കൂട്ടക്കുരുതിക്കെതികേ ശബ്ദമുയര്‍ത്തിയ സെലിബ്രിറ്റികളെ ഭീഷണിപ്പെടുത്തി സംഘപരിവാര സൈബര്‍ ഗുണ്ടകള്‍. കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പലരും പോസ്റ്റ് ഡിലീറ്റ് ചെയ്തു. (Celebs Face Hate for Showing Solidarity with the Palestinians)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദെ സൈബര്‍ ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഓള്‍ ഐസ് ഓണ്‍ റഫ(എല്ലാ കണ്ണുകളും റഫയില്‍) എന്ന റിതികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ വേശ്യ, ഭീകരതയെ പിന്തുണക്കുന്നവള്‍, ഹിന്ദു വിരോധി തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ടാണ് സംഘപരിവാര ഐഡികള്‍ നേരിട്ടത്. ഗസയിലേക്ക് പോയി ഹമാസില്‍ ചേരാനും ചിലര്‍ ഉപദേശിച്ചു. കമന്റ് ബോക്‌സില്‍ വന്ന് ചിലര്‍ വധഭീഷണി മുഴക്കിയതായും റിതിക സജ്‌ദെ പറഞ്ഞു.


എന്നാല്‍, ഹിന്ദുത്വ ഭീഷണിക്കെതിരേ റിതിക സജ്‌ദെയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ”റഫയിലെ കൂട്ടക്കുരുതിക്കെതിരേ അവര്‍ പ്രതിഷേധിച്ചത് തെറ്റായി പോയി. പകരം അവര്‍ ഈ കൊലകളെ പിന്തുണച്ചു കൊണ്ട് സ്‌റ്റോറി ഇടണമായിരുന്നു”- മാധ്യമപ്രവര്‍ത്തകന്‍ കൗഷിക് രാജ് പ്രതികരിച്ചു.

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തത് റിതിക മാത്രമല്ല. ബോളിവുഡ് നടി മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്, ബിജെപി നേതാവ് മനോജ് തിവാരിയുടെ മകള്‍ റാഹിത് തിവാരി തുടങ്ങിയവരും റഫയെ സംബന്ധിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഭീഷണിക്ക് പിന്നാലെ ഒഴിവാക്കി. പണം വാങ്ങിയാണ് ഇവര്‍ ഫലസ്തീന് വേണ്ടി ശബ്ദിക്കുന്നതെന്നായിരുന്നു ഹിന്ദുത്വരുടെ ആരോപണം. #BoycottBollywood എന്ന പേരില്‍ ഹാഷ് ടാഗ് ക്യാമ്പയിനും സംഘപരിവാരം ആരംഭിച്ചിട്ടുണ്ട്.


ഫലസ്തീനിലെ അതിക്രമത്തിനെതിരേ ഒരുമിച്ച് പ്രതിഷേധിച്ചതിന്റെ പേരിലാണ് ബോളിവുഡ് ഈ വിദ്വേഷം നേരിടേണ്ടി വന്നതെന്ന് ഇതേക്കുറിച്ച് പ്രതികരിച്ച്് കൊണ്ട് നടി പൂജ ഭട്ട് എക്‌സില്‍ പോസ്റ്റ് ചെയ്തു.