28
Jun 2024
Sun
28 Jun 2024 Sun
AIADMK PALANI SWAMI

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ. ( AIADMK will not form an alliance with BJP in the assembly )ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടി വീണ്ടും എന്‍ഡിഎയുമായി അടുക്കുന്നതായി ഊഹാപോഹം പ്രചരിക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി നിലപാട് പ്രഖ്യാപിച്ചത്. സേലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ-ബിജെപി സംയുക്ത മുന്നണി ഉണ്ടായിരുന്നുവെങ്കില്‍ വന്‍ വിജയം നേടിയേനെയെന്ന ഇരു പാര്‍ട്ടിയിലേയും നേതാക്കളുടെ അവകാശവാദത്തിനിടെയാണ് പളനിസ്വാമിയുടെ പ്രഖ്യാപനം. അണ്ണാ ഡിഎംകെയുമായി സഖ്യം വേര്‍പിരിഞ്ഞിരുന്നില്ലെങ്കില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎ വിജയിക്കുമായിരുന്നുവെന്ന് വോട്ടിങ് നില കാണിക്കുന്നു. ഇത്തവണ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കൊപ്പമാണ് അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

സംസ്ഥാനത്തുടനീളമുള്ള എല്ലാ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി താന്‍ ഒറ്റയ്ക്കാണ് പ്രചാരണം നടത്തിയതെന്ന് പളനി സ്വാമി പറഞ്ഞു. അതേസമയം ബിജെപിക്കും ഇന്ത്യസഖ്യത്തിനും നിരവധി ദേശീയ, സംസ്ഥാനതല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നിട്ടും 2019 ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം ഒരു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഇത് വിജയമാണെന്നും എഐഎഡിഎംകെയുടെ വോട്ടുകള്‍ മറ്റൊരു പാര്‍ട്ടിക്കും പോയിട്ടില്ലെന്നും പളനി സ്വാമി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ബി ജെ പി വളര്‍ന്നുവെന്നാണ് പലരും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2014-ല്‍ എന്‍ ഡി എയുടെ വോട്ട് വിഹിതം 18.80 ശതമാനമായിരുന്നു. 2024-ല്‍ അത് 18.28 ശതമാനമാണ്. അതുകൊണ്ട് ബി.ജെ.പി സഖ്യം വളര്‍ന്നുവെന്ന് പറയുന്നത് തെറ്റാണെന്നും പളനിസ്വാമി പറഞ്ഞു