|
ന്യൂഡല്‍ഹി: സ്പീക്കർ ഉൾപ്പെടെയുള്ള പദവിയെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനിടെ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.
ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികൾക്ക് ആണ് ചടങ്ങിന് ക്ഷണം ഉളളത്.

ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിന്‍ഗെ, മാലദ്വിപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദാഹല്‍, ഭൂട്ടാന് പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ തുടങ്ങിയവരടക്കം 8000ല്‍ അധികം പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുക.
രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഒരുക്കിയത്.. അർധസൈനികർ, ഡൽഹി പൊലീസിന്റെ പ്രത്യേക സായുധസംഘം, എൻഎസ്ജി കമാൻഡോകൾ എന്നിവർ ഉൾപ്പെടുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് വിന്യസിച്ചത്. രാഷ്ട്രപതിഭവന് ചുറ്റും ഡ്രോണുകളും സ്നൈപ്പറുകളും സജ്ജീകരിച്ചു. 2500 ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചത്.
അതേസമയം തർക്കം പരിഹരിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. സഖ്യകക്ഷികളുമായുള്ള ചർച്ച പൂർത്തിയായാലേ ബിജെപിയിൽനിന്ന് എത്ര മന്ത്രിമാരെന്ന കാര്യത്തിൽ അന്തിമ രൂപമാകൂ. ആഭ്യന്തരം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ സർക്കാരിലെ പ്രമുഖരായ രാജ്നാഥ് സിങ്ങ്, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, അനുരാഗ് ഠാക്കൂർ തുടങ്ങിയവർ മന്ത്രിസഭയിൽ തുടരും. പാർട്ടി അധ്യക്ഷ പദവിയിൽ ഈ മാസം കാലാവധി തീരുന്ന ജെ പി നഡ്ഡയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ടിഡിപിയിൽനിന്ന് റാം മോഹൻ നായിഡു, ഡോ. ചന്ദ്രശേഖർ പെമ്മസനി എന്നിവർക്കാണ് മുൻതൂക്കം. ജെഡിയുവിൽനിന്ന് ലലൻ സിങ്, സഞ്ജയ് കുമാർ ഝാ, രാം നാഥ് ഠാക്കൂർ എന്നിവർക്കാണ് സാധ്യത. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നാണ് സൂചന.
Stage set, PM to send Council list before ceremony





