29
Jun 2024
Sun
29 Jun 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ഇന്ന് അധികാരമേൽക്കുന്ന മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് സൂചന. ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന ടിഡിപിയുടെ നാലിൽ മൂന്ന് മന്ത്രിമാർക്കും ക്യാബിനെറ്റ് റാങ്ക് ലഭിച്ചേക്കും. റാം മോഹൻ നായിഡു, ഹാരിഷ് ബാലയോഗി, ഡഗ്ഗുമല്ല പ്രസാദ് എന്നിവർക്കായിരിക്കും ക്യാബിനെറ്റ് പദവി ലഭിച്ചേക്കുക.

അതേസമയം ജെഡിഎസ് അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമിക്കും ക്യാബിനെറ്റ് റാങ്കോടെയുള്ള മന്ത്രിസ്ഥാനം ലഭിക്കും.

നിതീഷ് കുമാറിൻ്റെ ജെഡിയു മുതിർന്ന നേതാക്കളായ ലലൻ സിങ്, റാം നാഥ് താക്കൂർ എന്നിവരുടെ പേരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ലലൻ സിങ് ബിഹാറിലെ മുംഗറിൽ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിഹാർ മുൻ മുഖ്യമന്ത്രിയും ഭാരത് രത്ന ജേതാവുമായ കർപൂരി താക്കൂറിൻ്റെ മകനുമായ റാം നാഥ് താക്കൂർ നിലവിൽ രാജ്യസഭാ എംപിയാണ്. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ യോഗത്തിലാണ് മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം ടൂറിസമോ സംസ്‌കാരികമോ ആകും സുരേഷ് ഗോപിക്ക് ലഭിക്കുക. സത്യ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നടനെ മോഡി നേരിട്ട് വിളിച്ചു. ചാർട്ടേഡ് വിമാനത്തിലാകും ഡൽഹിയിലേക്ക് പുറപ്പെടുക. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും പോകാനാണ് തീരുമാനം. മക്കളടക്കം കൊച്ചിയിൽ നിന്നും പോകും.