റിയാദ്: നരഹത്യാ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള അവസാന കടമ്പയും കടന്നു. ( Saudi murder case: Raheem release followup news ) മോചനത്തിന് വേണ്ടി നാട്ടുകാരും മറ്റും സ്വരൂപിച്ച് നല്കിയ ദിയാധനം റിയാദ് കോടതിയിലെത്തി.
|
റിയാദ് ഗവര്‍ണറേറ്റില്‍നിന്നുള്ള 34 കോടി രൂപയുടെ(15 മില്യണ്‍ റിയാല്‍) ചെക്കാണ് റിയാദിലെ കോടതിയില്‍ എത്തിയത്. പെരുന്നാള്‍ അവധി കഴിഞ്ഞ് കോടതി പ്രവര്‍ത്തനം തുടങ്ങിയാല്‍ ഇരുകക്ഷികള്‍ക്കും ഹാജരാകാനുള്ള നോട്ടീസ് അയക്കും. ഇരുവിഭാഗവും കോടതിയില്‍ എത്തി, ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒപ്പുവെക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും. ഈ മാസം അവസാനത്തോടെ റഹീമിനെ മോചിപ്പിച്ച ശേഷം നാട്ടിലേക്ക് അയക്കും.
അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ റിയാദ് ഗവര്‍ണറേറ്റിന് ഇന്ത്യന്‍ എംബസി ഇക്കഴിഞ്ഞ മൂന്നിനാണ് കൈമാറിയത്. നാട്ടില്‍ നിന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് 15 മില്യന്‍ റിയാല്‍ ഇന്ത്യന്‍ എംബസിയുടെ എകൗണ്ടിലെത്തിയത്. തുടര്‍ന്ന് ആരുടെ പേരിലാണ് ചെക്ക് കൈമാറേണ്ടത് എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസ്, മരിച്ച സൗദി പൗരന്റെ അനന്തരാവകാശികള്‍ എന്നിങ്ങനെ നിര്‍ദേശങ്ങള്‍ വന്നുവെങ്കിലും ഒടുവില്‍ ചീഫ് ജസ്റ്റിസിന്റെ പേരിലേക്ക് ചെക്ക് തയ്യാറാക്കുകയായിരുന്നു. ആ ചെക്കാണ് ഇപ്പോള്‍ കോടതിയില്‍ എത്തിയത്.
2006 നവംബര്‍ 28നാണ് സൗദി പൗരന്റെ മകന് അനസ് അല്‍ശഹ്റി കൊല്ലപ്പെടുന്നത്. 2011 ഫെബ്രുവരി 2ന് ആണ് റിയാദ് ജനറല്‍ കോടതി റഹിമിന് വധശിക്ഷ വിധിച്ചത്. 2022 നവംബര്‍ 15ന് സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ച് ഉത്തരവായി.


