29
Apr 2026
Sat
29 Apr 2026 Sat

കബീര്‍ കൊണ്ടോട്ടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: നാഷണല്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നയനിലപാടുകളിലും അവഗണനയിലും പ്രതിഷേധിച്ചു പാര്‍ട്ടിയുടെ പ്രവാസി സംഘടനയായ ഐഎംസിസിയുടെ ജിസിസി ചെയര്‍മാന്‍ എ എം അബ്ദുല്ലക്കുട്ടി പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചു. 32 വര്‍ഷക്കാലത്തെ നീണ്ട പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുന്നതായും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിയുന്നതായും അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഐഎംസിസി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നേരത്തെ രാജിവച്ചിരുന്നെങ്കിലും ഇത് ഔദ്യോഗികമായി പുറത്തുവരാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പരസ്യ പ്രഖ്യാപനം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് വിഭാവനം ചെയ്ത ആദര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചതായും എല്‍.ഡി.എഫിന്റെ വെറും സ്തുതിപാഠകരായി നേതൃത്വം മാറിയതായും അബ്ദുല്ലക്കുട്ടി ആരോപിച്ചു. പാര്‍ട്ടിയുടെ അന്തസ്സും അസ്തിത്വവും പണയപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഉള്‍പ്പോരും പരസ്പര വിശ്വാസമില്ലായ്മയും കാരണം പാര്‍ട്ടി സംവിധാനം പൂര്‍ണ്ണമായും നിശ്ചലമാണ്. കീഴ്ഘടകങ്ങളെ വിശ്വാസത്തിലെടുക്കാത്ത പ്രവര്‍ത്തനരീതിയാണ് സംസ്ഥാന ഘടകത്തിന്റേത്. സമീപകാല തെരഞ്ഞെടുപ്പുകളില്‍ നാഷണല്‍ ലീഗിന്റെ സാന്നിധ്യം രാഷ്ട്രീയ ഭൂപടത്തില്‍ ഒരിടത്തും ദൃശ്യമായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകള്‍ക്കെതിരേ പ്രതികരിക്കേണ്ട സമയത്ത് നേതൃത്വം പുലര്‍ത്തുന്ന നിശബ്ദത ദുരൂഹമാണ്. ആരുടെയോ ആജ്ഞാനുവര്‍ത്തികളെപ്പോലെയാണ് പാര്‍ട്ടി നേതാക്കള്‍ പെരുമാറുന്നത്. വയനാട് ദുരന്തബാധിതര്‍ക്കായി ഐഎംസിസി മുന്‍കൈയെടുത്ത് വിഭാവനം ചെയ്ത 15 വീടുകളുടെ നിര്‍മാണ പദ്ധതി പോലും നേതാക്കളുടെ തര്‍ക്കം മൂലം അട്ടിമറിക്കപ്പെട്ടു. ഇതിനുള്ള സാമ്പത്തിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടും നേതാക്കള്‍ക്കിടയിലെ അനൈക്യം പദ്ധതി മുടങ്ങാന്‍ കാരണമായി. സംസ്ഥാന പ്രസിഡന്റ് അനിവാര്യമായ ഇടപെടലുകള്‍ നടത്താതെ മാറിനില്‍ക്കുന്നത് ഖേദകരമാണെന്നും ഇത്തരം സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്നത് മനസ്സാക്ഷിയോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഉന്നത തല സംഘത്തിന്റെ പാക് യാത്ര തടഞ്ഞ് ട്രംപ്; ഇറാന് എപ്പോള്‍ വേണമെങ്കിലും തങ്ങളെ വിളിക്കാമെന്നും വിശദീകരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക