29
Jun 2024
Wed
29 Jun 2024 Wed
Masjid imam shot dead in muradabad

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ പള്ളി ഇമാമിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ( Maulana Akram of Badi Masjid Shot Dead Outside His House in Moradabad ) ഭായിന്‍സിയ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. രാംപൂര്‍ ജില്ലക്കാരനായ മൗലാന അക്രം(36) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം ഭായിന്‍സിയ ഗ്രാമത്തിലെ പള്ളിയില്‍ സേവനമനുഷ്ടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെഞ്ചിലാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന് ശത്രുക്കളാരുമില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് കുറച്ച് അകലെ നിന്ന് ഒരു പിസ്റ്റള്‍ കണ്ടെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സിറ്റി പോലീസ് സൂപ്രണ്ട് അഖിലേഷ് ഭറോദിയ പറഞ്ഞു.

അക്രം വീട്ടിലുറങ്ങുന്ന സമയത്ത് പുലര്‍ച്ചെ 4 മണിയോടെ അദ്ദേഹത്തെ ആരോ ഫോണ്‍ ചെയ്തതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് വീടിന് പുറത്തേക്ക് ഇറങ്ങി വന്ന അക്രമിനെ പുറത്തു കാത്ത് നിന്നയാള്‍ വെടിവയ്ക്കുകയായിരുന്നു. അക്രം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെടിവച്ചയാള്‍ ഓടി രക്ഷപ്പട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തെ അറിയാവുന്ന ആരോ ആണ് വെടിവച്ചതെന്നാണ് സൂചന.

മരിച്ച മൗലാന അക്രമിന് ഭാര്യയും ആറ് മക്കളുമുണ്ട്. ഭാര്യയും മൂന്ന് മക്കളും കഴിഞ്ഞയാഴ്ച്ച ബന്ധുവീട്ടിലേക്ക് പോയിരുന്നു. അക്രമിനോടൊപ്പം മറ്റ് മൂന്ന് മക്കള്‍ മാത്രമാണുണ്ടായിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.