നാട്ടില്‍ മുറ്റത്തും പറമ്പിലുമൊക്കെ കൊത്തിപ്പെറുക്കുന്ന പാവം കാക്ക ഒരു ഭീകരജീവിയായി മാറിയിരിക്കുകയാണ കെനിയയില്‍. പെരുപ്പെരുകി രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന സ്ഥിതിയായതോടെ അവര്‍ ഒരു കടുത്ത തീരുമാനമെടുത്തിരിക്കുയാണ് ഇപ്പോള്‍. വരത്തനായ കാക്കയെ കൂട്ടത്തോടെ കൊന്നൊടുക്കുക. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് 2024 ന്റെ അവസാനമെത്തുന്നതോടെ രാജ്യത്തുനിന്നും 10 ലക്ഷം ഇന്ത്യന്‍ കാക്കകളെ കെനിയയില്‍ നിന്നും നീക്കം ചെയ്യും. നേരത്തെ ശല്യം സഹിക്കാതെ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ കാക്കകളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
|
ഇന്ത്യന്‍ ഹൗസ് ക്രോസ് എന്നറിയപ്പെടുന്ന കാക്കകള്‍ ഇവിടത്തുകാര്‍ക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. കെനിയയിലെ തീരമേഖലയിലുള്ള ജനങ്ങള്‍ കാക്കകളുടെ ശല്യത്തെ പറ്റി നിരന്തരം ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നു. കര്‍ഷകരും ഹോട്ടലുടമകളുമാണ് പരാതിക്കാരില്‍ ഭൂരിഭാഗവും. ഇതുമാത്രമല്ല കെനിയയിലെ പ്രാദേശിക പക്ഷി ഇനങ്ങളുടെ നിലനില്‍പ്പിനെയും കാക്കകളുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അവയുടെ എണ്ണം പരിമിതപ്പെടുത്താന്‍ കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (കെഡബ്ല്യുഎസ്) തീരുമാനിച്ചിരിക്കുന്നത്.

വംശനാശഭീഷണി നേരിടുന്ന പ്രാദേശിക പക്ഷികളെ വേട്ടയാടുന്ന കെനിയയിലെ കാക്കകള്‍ പൊതുവേ ആക്രമകാരികളാണ്. ഇവയുടെ സാന്നിധ്യം മൂലം കെനിയയുടെ തീരദേശ മേഖലയിലെ പല പക്ഷി വര്‍ഗ്ഗങ്ങളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കാക്കകള്‍ പ്രാദേശിക പക്ഷികളുടെ കൂടുകള്‍ തകര്‍ക്കുന്നതും മുട്ടകള്‍ ഭക്ഷണമാക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണെന്ന് നിരീക്ഷകര്‍ അറിയിക്കുന്നു.
നാടന്‍ പക്ഷികളുടെ എണ്ണത്തില്‍ കുറവ് വരുന്നത് ആ പ്രദേശത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. കീടങ്ങളുടെയും പ്രാണികളുടെയും എണ്ണം പെരുകും എന്നതാണ് പ്രധാന പ്രശ്നം. കാക്കകള്‍ കൃഷിയിടങ്ങളില്‍ കൂട്ടമായി പറന്നിറങ്ങി വിളകള്‍ ഭക്ഷണമാക്കുന്നത് മൂലം കര്‍ഷകരും പ്രതിസന്ധിയിലാകുന്നുണ്ട്. കെനിയയുടെ ടൂറിസം മേഖലയ്ക്കു സൃഷ്ടിക്കുന്ന ഭീഷണിയാണ് മറ്റൊരു പ്രധാന പ്രശ്നം. പൊതു ഇടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ തട്ടിയെടുക്കാന്‍ കാക്കകള്‍ കൂട്ടമായി എത്തുന്നത് സഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

1940കളിലാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ കാക്കകള്‍ എത്തിയത്. അധിവേഗകമാണ് ഇവയുടെ എണ്ണം പെരുകിയത്. കെനിയയിലെ മിക്ക പ്രദേശങ്ങളും ഇപ്പോള്‍ കാക്കകളുടെ ആധിപത്യത്തിലാണ്.
പ്രത്യേകയന്ത്രങ്ങളും കെണികളും ഉപയോഗിച്ച് കാക്കകളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ഇതിനുപുറമേ കെനിയ പെസ്റ്റ് കണ്ട്രോള് ആന്‍ഡ് പ്രൊഡക്ട്സ് ബോര്‍ഡ് (പിസിപിബി) ഹോട്ടലുടമകള്‍ക്ക് ലൈസന്‍സുള്ള വിഷം ഇറക്കുമതി ചെയ്യാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇതൊക്കെ കള്ള കാക്കകളുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ വിലപ്പോവുമോ എന്നതാണ് ആശങ്ക. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാക്കളെ ഇല്ലാതാക്കാന്‍ സമാനമായി ആവിഷ്കരിച്ച പദ്ധതികള്‍ കുറേയൊക്കെ ഫലപ്രദമായിരുന്നെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം കാക്കകളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയായിരുന്നു.


