ഗുജറാത്ത് സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ മുഖ്യമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച ഭവനസമുച്ചയത്തിലെ ഫ്‌ളാറ്റ് മുസ് ലിം സ്ത്രീക്ക് നല്‍കിയതിനെതിരേ വഡോദരയിലെ ഹര്‍ണിയില്‍ ഹിന്ദുത്വരുടെ പ്രതിഷേധം. സംരംഭകത്വ, വൈഭവ വികസന മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയില്‍ ജോലി ചെയ്യുന്ന 44കാരിയായ മുസ് ലിം സ്ത്രീക്ക് ഫ്‌ളാറ്റ് അനുവദിച്ചതിനു പിന്നാലെയാണ് ഭവന സമുച്ചയത്തിലെ 33 താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
|
മുസ് ലിമിന് ഫ്‌ളാറ്റ് അനുവദിച്ചത് തങ്ങള്‍ക്ക് ഭീഷണിയാണെന്നും ശല്യമാണെന്നും ചൂണ്ടിക്കാട്ടി താമസക്കാര്‍ കജില്ലാ കലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും ചെയ്തു. 2017ലാണ് കുറഞ്ഞ വരുമാനക്കാര്‍ക്കായി അനുവദിക്കുന്ന ഭവനം സ്ത്രീക്ക് അനുവദിച്ചത്. 2020 മുതല്‍ തനിക്കെതിരേ മറ്റു താമസക്കാരുടെ പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയെന്നു താമസക്കാരിയും പറയുന്നു.
മുസ് ലിമിന് ഫ്‌ളാറ്റ് അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. അന്ന് വിഷയത്തില്‍ പോലീസ് ഇടപെടുകയും പരാതിക്കാര്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു. 2020 ജൂണ്‍ 10 മുതല്‍ വീണ്ടും ഇവര്‍ക്കെതിരേ പ്രതിഷേധക്കാര്‍ രംഗത്തുവരികയായിരുന്നു. 33 താമസക്കാരാണ് കലക്ടര്‍, മേയര്‍, വഡോദര മുനിസിപ്പല്‍ കമ്മീഷണര്‍, വഡോദര പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്.
മുസ് ലിമിന് അനുവദിച്ച ഫ്‌ളാറ്റ് തിരിച്ചെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഹര്‍ണി ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണെന്നും സമാധാന അന്തരീക്ഷമുള്ള ഇവിടെ മുസ് ലിംകള്‍ താമസിക്കുന്നില്ലെന്നും മുസ് ലിംകള്‍ നാലു കിലോമീറ്റര്‍ അകലെയാണ് കഴിയുന്നതെന്നും പരാതിക്കാര്‍ പറയുന്നു. ഫ്‌ളാറ്റ് സമുച്ചയത്തിലെ 461 താമസക്കാര്‍ക്ക് ഭീഷണിയാണ് ഈ ഒരു മുസ് ലിം കുടുംബമെന്നും പരാതിയില്‍ പറയുന്നു.
അതേസമയം പ്രതിഷേധത്തെ ഭയന്ന് ഫ്‌ളാറ്റില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്ന് താമസക്കാരി വ്യക്തമാക്കി. ഫ്‌ളാറ്റിന്റെ അറ്റകുറ്റപണികള്‍ക്കായി വഡോദര മുനിസിപല്‍ കോര്‍പറേഷന്‍ ഒറ്റത്തവണ ഫീസായി ചോദിച്ച അമ്പതിനായിരം രൂപ താന്‍ നല്‍കിയിട്ടുള്ളതെന്നും ഹൗസിങ് സൊസൈറ്റി അടുത്തിടെ തന്നോട് വീണ്ടും പണം ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. പണം താന്‍ നല്‍കാമെന്നും താമസക്കാരി എന്ന നിലയില്‍ ഇതിനുള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് താന്‍ അവര്‍ക്ക് മറുപടി നല്‍കിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.





