28
Jun 2024
Fri
28 Jun 2024 Fri

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ഷൈലജയ്‌ക്കെതിരേ കാഫിര്‍ പ്രയോഗം നടത്തിയെന്ന കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ കാസിമിനെതിരേ തെളിവില്ലെന്ന പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കാസിമിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുവെന്നും സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും കാസിമിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കണ്ടെത്താനായില്ലെന്നും പോലീസ് റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാഫിര്‍ പ്രയോഗത്തോടെയുള്ള വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്ക് എതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സിപിഐഎം നേതാവ് കെ കെ ലതികയുടെ ഫോണും കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചുവെന്നും മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.

അതേസമയം കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫിസറെ പ്രതിചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹരജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കും.

യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അഞ്ചുനേരെ നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ ആണെന്നും മറ്റുമായിരുന്നു പി കെ മുഹമ്മദ് കാസിമിന്റെ പേരില്‍ നിര്‍മിച്ച വ്യാജ സ്‌ക്രീന്‍ഷോട്ടില്‍ എഴുതിയിരുന്നത്.