21
Jun 2024
Sat
21 Jun 2024 Sat
european cup 2024 germany scotland opening game

മ്യൂണിക്: സ്‌കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് യൂറോകപ്പ് ഫുട്ബോളിന് ഗംഭീര തുടക്കമിട്ട് ജര്‍മനി. ( germany scotland euro opening game highlights and score )  സ്വന്തം മണ്ണില്‍ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജര്‍മനി യുവതാരങ്ങളുടെ കരുത്തിലാണ് സ്‌കോട്ട്ലന്‍ഡിനെ തരിപ്പണമാക്കിയത്. കളിയുടെ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ജര്‍മനിക്കായി ഫ്‌ലോറിയാന്‍ വിര്‍ട്‌സ് (10ാം മിനിറ്റില്‍), ജമാല്‍ മൂസിയാല (19), കായ് ഹാവെര്‍ട്‌സ് (45+1, പെനാല്‍റ്റി), നിക്ലാസ് ഫുള്‍ക്രഗ് (68ാം മിനിറ്റില്‍), എംറെ കാനെ (90+3) എന്നിവരാണ് ഗോളുകള്‍ നേടിയത്. 87ാം മിനിറ്റില്‍ ജര്‍മന്‍ താരം അന്റോണിയോ റൂഡിഗറിന്റെ വകയായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്റെ ആശ്വാസ ഗോള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യപകുതിയില്‍ തന്നെ ആതിഥേയര്‍ മൂന്ന് ഗോളിന്റെ ലീഡെടുത്തു. ആദ്യ 20 മിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ നേടി സമഗ്രാധിപത്യംസ്ഥാപിച്ച ജര്‍മനി പകുതിയുടെ അവസാനഘട്ടത്തില്‍ പെനാല്‍റ്റി കിക്കിലൂടെയും ലക്ഷ്യംകണ്ടു.
ആദ്യ പകുതിക്കു പിരിയാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെ മാരക ടാക്ക്ള്‍ നടത്തിയതിന് പ്രതിരോധ താരം റയാന്‍ പോര്‍ട്ടോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ സ്‌കോട്ട്‌ലന്‍ഡ് പത്തുപേരിലേക്ക് ചുരുങ്ങി.

പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ തൊടുക്കുന്നതിലും ആതിഥേയര്‍ ബഹുദൂരം മുന്നിലായിരുന്നു. പത്താം മിനിറ്റില്‍തന്നെ വിര്‍ട്‌സിലൂടെ ആതിഥേയര്‍ ലീഡെടുത്തു. മൈതാനത്തിന്റെ വലതു പാര്‍ശ്വത്തില്‍നിന്ന് പെനാല്‍റ്റി ബോക്‌സിനു മുന്നിലേക്ക് ജോഷ്വ കിമ്മിച്ച് നല്‍കിയ ഒരു മനോഹര ക്രോസ് ആദ്യ ഷോട്ടില്‍തന്നെ ഫ്‌ലോറിയാന്‍ വിര്‍ട്‌സ് വലയിലേക്ക് തിരിച്ചുവിട്ടു. സ്‌കോട്ട് ഗോള്‍ കീപ്പര്‍ ആംഗസ് ഗണ്‍സിന്റെ കൈയില്‍ തട്ടിയ പന്ത് പോസ്റ്റിലുരുമി വലയിലേക്ക് തന്നെ കയറി. അധികം വൈകാതെ ജര്‍മനി ലീഡ് വര്‍ധിപ്പിച്ചു. 19ാം മിനിറ്റില്‍ ജമാല്‍ മൂസിയാലയുടെ വകയായിരുന്നു ഗോള്‍. ഇല്‍കായ് ഗുണ്ടോഗന്റെ ത്രൂബാള്‍ കായ് ഹാവേര്‍ട്‌സിലേക്ക്. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് പന്ത് മൂസിയാലക്ക് കൈമാറി. താരത്തിന്റെ വലതുകാലില്‍നിന്നുള്ള ബുള്ളറ്റ് ഷോട്ടില്‍ ഗോളി വെറും കാഴ്ച്ചക്കാരനായി. 26ാം മിനിറ്റില്‍ മൂസിയാലയെ വീഴ്ത്തിയതിന് ജര്‍മനിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഫൗള്‍ ബോക്‌സിനു പുറത്താണെന്ന് സ്ഥിരീകരിച്ചു.

ഇടവേളക്കു പിരിയാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഗുണ്ടോഗനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിനാണ് പോര്‍ട്ടോസിന് നേരിട്ട് ചുവപ്പ് കാര്‍ഡും ജര്‍മനിക്ക് അനുകൂലമായി പെനാല്‍റ്റിയും വിധിക്കുന്നത്. കിക്കെടുത്ത ഹാവാര്‍ട്‌സ് പന്ത് അനായാസം വലയിലാക്കി. യൂറോ കപ്പിന്റെ ചരിത്രത്തില്‍ 40 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ടീം ഗ്രൂപ്പ് മത്സരത്തില്‍ എതിരാളികള്‍ക്കെതിരെ ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ നേടുന്നത്. 1984ല്‍ ഫ്രാന്‍സ് ബെല്‍ജിയത്തിനെതിരെയാണ് ഇതിനു മുമ്പ് മൂന്നു ഗോളുകള്‍ നേടിയത്.

രണ്ടാം പകുതിയിലും ജര്‍മനിയുടെ മുന്നേറ്റമായിരുന്നു. കെയ് ഹാവെര്‍ട്സിന് പകരക്കാനായി എത്തിയ നിക്ലാസ് ഫുള്‍ക്രുഗ് കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം സ്‌കോട്ടിഷ് പ്രതിരോധം തകര്‍ത്ത് ജര്‍മനിയുടെ സ്‌കോര്‍ നാലാക്കി ഉയര്‍ത്തി. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് എംറെ കാന്‍ ജര്‍മന്‍ ഗോള്‍ പട്ടിക തികച്ചു.