കാലത്തിനൊത്തു സാങ്കേതിക മേഖലയിലെ പഠനരീതിക്ക് മാറ്റം വരുത്തുന്ന നിരവധി പരിഷ്കരണങ്ങളുമായി എന്‍ജിനീയറിങ് പഠന മേഖല. ( Kerala Engineering challenge course- The Kerala Technical University (KTU) ) വരാനിരിക്കുന്ന സെമസ്റ്ററുകളിലെ കോഴ്സുകള്‍ നേരത്തേ പൂര്‍ത്തിയാക്കാനുള്ള അവസരമൊരുക്കുന്ന ചലഞ്ച് കോഴ്സ് കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി പുതിയ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്നു. ബി.ടെക് ഏഴ്, എട്ട് സെമസ്റ്ററുകളിലെ കോഴ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് അതിനു മുമ്പുള്ള സെമസ്റ്ററുകളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ വഴിയൊരുങ്ങുന്നു.
|
ബി.ടെക് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ 160-170 ക്രെഡിറ്റുകള്‍ ചലഞ്ച് കോഴ്സുകളിലൂടെ നേടുന്ന വിദ്യാര്‍ഥിക്ക് അവസാന രണ്ട് സെമസ്റ്ററുകളില്‍ ഒന്ന് ഇന്റേണ്‍ഷിപ്പിനായി ഉപയോഗിക്കാനാകും. കോഴ്സ് ചെയ്യുമ്പോള്‍ തന്നെ ആറ് മാസത്തെ പ്രവര്‍ത്തി പരിചയം കൂടി നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥിക്ക് സാധിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. ചലഞ്ച് കോഴ്സുകളായി തെരഞ്ഞെടുത്തു പഠിക്കാവുന്ന വിഷയങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രോജക്ട് അധിഷ്ഠിത പഠനം, വ്യവസായിക സഹകരണം, ഇന്റേണ്‍ഷിപ് എന്നിവയാണ് പുതിയ പാഠ്യപദ്ധതിയിലുള്ള അടുത്ത പ്രത്യേകതകള്‍. ക്ലാസ് റൂം പഠനത്തിന് പകരം പ്രോജക്ടുകളിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതാണ് പ്രൊജക്റ്റ് അധിഷ്ഠിത പഠനം.
ഏഴ്, എട്ട് സെമസ്റ്ററുകളില്‍ ആറു മാസത്തെ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും. നാലു മുതല്‍ ആറു മാസം വരെ കുട്ടികള്‍ക്ക് തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ് ചെയ്യാം.
സംരംഭകത്വത്തില്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അത് പ്രത്യേക ‘മൈനര്‍’ വിഷയമായി എടുത്തു പഠിക്കാനുള്ള അവസരം പുതിയ പാഠ്യപദ്ധതി ഒരുക്കുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശത്തിലുള്ള ഒരു കോഴ്സും ബി.ടെക്ക് പഠനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. എല്ലാ എന്‍ജിനീയറിങ് പഠനശാഖകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡേറ്റാ സയന്‍സും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
പ്രധാന മാറ്റം ഇതാണ്, എല്ലാ എന്‍ജിനീയറിങ് കോഴ്സുകളിലും ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍ ഒരേ സിലബസില്‍ പഠിപ്പിച്ചിരുന്ന രീതി പൊളിച്ചെഴുതി. വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന കോഴ്സിലെ പ്രസക്തി അനുസരിച്ചായിരിക്കും ഇനി ഇവ പഠിപ്പിക്കുക.


