തിരുവനന്തപുരം: സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ഈ വര്‍ഷം നടപ്പാക്കുന്ന ‘ഓപ്പണ്‍ബുക്ക് എക്സാം’ (പുസ്തകം തുറന്നു വെച്ചെഴുതുന്ന പരീക്ഷ) കേരള സിലബസിലും പരീക്ഷിക്കും. ( Open book exam plan in Kerala syllabus ) ഈ വര്‍ഷം എട്ട്, ഒമ്പത് ക്ലാസുകളിലെ അര്‍ധവാര്‍ഷികപരീക്ഷയില്‍ ഇത് നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.
|
ശാസ്ത്രം, സാമൂഹികശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങളിലാവും ആദ്യഘട്ടം. അതിലെ അനുഭവം അടിസ്ഥാനമാക്കി പരീക്ഷ വിപുലീകരിക്കും. പരീക്ഷയ്ക്കുള്ള മാര്‍ഗരേഖ എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കും. പാഠപുസ്തകങ്ങളില്‍ നിന്ന് നേരിട്ട് പകര്‍ത്തി എഴുതുന്നതിന് പകരം കുട്ടികള്‍ക്ക് വിശകലനാത്മകമായി ഉത്തരമെഴുതാന്‍ പാകത്തിലുള്ളതാവും ചോദ്യാവലി. കുട്ടികളുടെ അപഗ്രഥനശേഷിയും വിമര്‍ശനചിന്തയും പോഷിപ്പിക്കുകയാണ് ഈ പരീക്ഷകളുടെ ലക്ഷ്യം.
ഓപ്പണ്‍ബുക്ക് പരീക്ഷ ( Open Book Exam)
പാഠപുസ്തകത്തിനുപുറമെ, നോട്ട് ബുക്ക് ഉള്‍പ്പെടെ ക്ലാസുകളിലെ മറ്റു പഠനസാമഗ്രികളും ഉത്തരമെഴുതാന്‍ ആശ്രയിക്കാം. പരിമിതം, സ്വതന്ത്രം എന്നിങ്ങനെ രണ്ടുതരം രീതികളില്‍ പരീക്ഷ നടന്നേക്കാം. പാഠ്യപദ്ധതി ഉള്ളടക്കത്തില്‍ മാത്രം ഒതുങ്ങുന്നതാണ് പരിമിതം. സ്വതന്ത്രരീതിയിലാവട്ടെ, പാഠ്യപദ്ധതിയിലെയും പുറത്തുമുള്ള ഏതുതരം ഉള്ളടക്കവും ഉത്തരമെഴുതാന്‍ ആശ്രയിക്കാം.

സിബിഎസ്ഇ പരീക്ഷണം
സി.ബി.എസ്.ഇ. ഒമ്പത്, പത്ത് ക്ലാസുകളിലെ ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, 11, 12 ക്ലാസുകളിലെ ബയോളജി, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഈ വര്‍ഷം ഈ പരീക്ഷാരീതി നടപ്പാക്കും.
ഇതുപ്രകാരം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഹാളിലേക്ക് നോട്‌സ്, ടെക്സ്റ്റ് ബുക്ക്, മറ്റ് സ്റ്റഡി മെറ്റീരിയലുകള്‍ എന്നിവ കൊണ്ടുവരാം. ഇവ നോക്കി പരീക്ഷ എഴുതുകയും ചെയ്യാം.
നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന പരിശോധന പഠനത്തിലൂടെ പാഠ്യപദ്ധതി പഠിക്കാനും ശേഷമുള്ള ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍ പൂര്‍ത്തിയാക്കാനും വിദ്യാര്‍ഥികള്‍ എടുക്കുന്ന സമയങ്ങള്‍ വിലയിരുത്തി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതികരണങ്ങള്‍ കൂടി ശേഖരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
എന്താണ് സിബിഎസ്ഇ നിര്‍ദേശിക്കുന്ന ഓപ്പണ്‍ ബുക്ക് പരീക്ഷ?
ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി മെറ്റീരിയലുകള്‍ ഉപയോഗിക്കാം. ഇവ നിയന്ത്രിതമായോ സ്വതന്ത്രമായോ നടത്താവുന്നതാണ്. നിയന്ത്രി രീതിയില്‍ പരീക്ഷാ നടത്തിപ്പ് അതോറിറ്റി അംഗീകരിച്ച സ്റ്റഡി മെറ്റീരിയലുകള്‍ മാത്രമേ പരീക്ഷാ സമയത്ത് അനുവദിക്കൂ. ഇഷ്ടമുള്ളവ പരീക്ഷ ഹാളിലേക്ക് കൊണ്ടുവരാനുള്ള അനുവാദം ഉണ്ടാകില്ല. സ്വന്തന്ത്ര രീതിയില്‍ നടത്തുന്ന ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസക്തമെന്ന് തോന്നുന്ന ഏത് മെറ്റീരിയലും കൊണ്ടുവരാം.
ഓപ്പണ്‍ ബുക്ക് പരീക്ഷയെന്നാല്‍ പുസ്തകം നോക്കി ഉത്തരം പകര്‍ത്തുകയല്ല. അത്തരത്തില്‍ നേരിട്ടുള്ള ചോദ്യങ്ങളായിരിക്കില്ല ചോദ്യക്കടലാസില്‍ ഉണ്ടാകുക. ചോദ്യത്തില്‍നിന്ന് സ്റ്റഡി മെറ്റീരിയലുകള്‍ വായിച്ച് മനസ്സിലാക്കി അതിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് സ്വയം ഉത്തരങ്ങള്‍ കണ്ടെത്തി എഴുതണം. പഠിച്ച കാര്യങ്ങള്‍ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയാണ് ഈ പരീക്ഷണത്തിലൂടെ സിബിഎസ്ഇ ഉദ്ദേശിക്കുന്നത്. ഒരേ ചോദ്യത്തിന് ഓരോ വിദ്യാര്‍ഥിക്കും വ്യത്യസ്തമായ രീതിയില്‍ ഉത്തരം എഴുതാം.
ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍ അത്ര എളുപ്പമല്ല!

‘ബുക്ക് നോക്കി എഴുതാം’ എന്ന് പറയുന്ന പോലെ അത്ര എളുപ്പമല്ല ഓപ്പണ്‍ ബുക്ക് പരീക്ഷ. വസ്തുതകള്‍ക്കും നിര്‍വചനങ്ങള്‍ക്കും അപ്പുറത്തുള്ള വിദ്യാര്‍ഥികളുടെ നിരീക്ഷണം പരിശോധിക്കുകയാണ് ലക്ഷ്യം. അധ്യാപകര്‍ക്കും, ഒരു ഓപ്പണ്‍ ബുക്ക് പരീക്ഷ ചോദ്യകടലാസ് സജ്ജീകരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. നേരിട്ടുള്ള ചോദ്യങ്ങളായിരിക്കില്ല ഓപ്പണ്‍ ബുക്ക് പരീക്ഷകളില്‍ ചോദിക്കുക. പഠിച്ച കാര്യങ്ങള്‍ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയിലായിരിക്കും ചോദ്യങ്ങള്‍.
ഓപ്പണ്‍ ബുക്ക് പരീക്ഷ; ഗവേഷണങ്ങള്‍ പറയുന്നത്
2021ല്‍ ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പഠനമനുസരിച്ച്, ഓപ്പണ്‍ ബുക്ക് പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സമ്മര്‍ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2020ല്‍ കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നതും സമാനമായ കാര്യമാണ്. 98 വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ 21.4 ശതമാനം പരാജയപ്പെട്ടവരും 78.6 ശതമാനം വിജയിച്ചവരുമായിരുന്നു. 55 വിദ്യാര്‍ഥികള്‍ നല്‍കിയ പ്രതികരണങ്ങളില്‍ ഭൂരിഭാഗവും സമ്മര്‍ദം കുറയ്ക്കാനുള്ള മികച്ച രീതിയായി ഓപ്പണ്‍ ബുക്ക് പരീക്ഷകളെ വിലയിരുത്തുന്നുണ്ട്.


