മദ്യക്കുപ്പിയിലൊട്ടിക്കുന്ന സ്റ്റിക്കറുകളുടെ വന്‍ ശേഖരവുമായി മലയാളി ഫുട്ബോള്‍ താരം സൗദിയില്‍ പിടിയില്‍. ബലിപെരുന്നാള്‍ അവധിയോടനുബന്ധിച്ച് അബഹയില്‍ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയ കളിക്കാരനാണ് അബഹ വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ പരിശോധനയില്‍ പിടിയിലായത്.
|
മലപ്പുറം വാഴക്കാട് സ്വദേശിയാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര മദ്യ ബ്രാന്‍ഡായ റോയല്‍ വോഡ്കയുടെ സ്റ്റിക്കറുകളുടെ വന്‍ ശേഖരവുമായാണ് ഇയാള്‍ പിടിയിലായത്. വിമാനത്താവളത്തില്‍ നിന്നും ലഗേജുമായി പുറത്തേക്ക് കടക്കവേ സുരക്ഷാ പരിശോധനയില്‍ പിടിയിലാകുകയായിരുന്നു.
അഞ്ച് പേരാണ് ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിന് കോഴിക്കോട് നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ ശനി വൈകിട്ട് 3.30ന് അബഹയില്‍ ഇറങ്ങിയത്. ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിന് പലതവണയായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുള്ള താരമാണ് അറസ്റ്റിലായിരിക്കുന്നത്.
അടുപ്പക്കാരനും സൗദിയില്‍ സ്ഥാപനമുള്ളതുമായ ആള് കൈമാറിയതാണ് സ്റ്റിക്കറുകളെന്നാണ് താരം നല്കുന്ന വിവരം. ജ്യൂസിന്റെ സ്റ്റിക്കര്‍ എന്ന് പറഞ്ഞാണ് വിമാനത്താവളത്തില്‍ വച്ച് ഇയാള്‍ ബാഗേജ് കൈമാറിയത്. അബഹയില്‍ എത്തിയ ഉടന്‍ ബാഗേജ് വാങ്ങിക്കൊള്ളാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വരുന്ന ആളുടെ വിവരങ്ങള്‍ കൈമാറിയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.വ്യാജമദ്യം കുപ്പികളില്‍ നിറച്ച് സ്റ്റിക്കറൊട്ടിച്ചു വില്‍ക്കുന്നതിനായാണ് ഇവ എത്തിച്ചതെന്നാണ് വിവരം.


