പൊതുവേ പക്ഷികളാണ് ചെറുപ്രാണികളെ തിന്നുക. എന്നാല്‍, പ്രാണിവര്‍ഗത്തില്‍ പെട്ട കൊതുതുകള്‍ പക്ഷികള്‍ക്ക് ഭീഷണിയായി എന്ന് മാത്രമല്ല വംശനാശത്തിന്റെ വക്കില്‍ വരെ എത്തിച്ചിരിക്കുകയാണ്. (Millions of mosquitoes released in Hawaii to save rare birds from extinction)ഹവായ് ദ്വീപിലാണ് വിചിത്രമായ സംഭവം. ഹവായിയുടെ പ്രകൃതി സന്തുലനത്തില്‍ നിര്‍ണായകമായ തേന്കുരുവികളാണ് കൊതുക് ശല്യം കാരണം ഗതികെട്ടത്. ഇവയെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഹെലികോപ്ടറുകളില്‍ പ്രത്യേക ഇനം ആണ് കൊതുകുകളെ തുറന്നുവിടുകയാണ് ഹവായ്. അന്‍പതോളം ഇനം തേന്‍ കുരുവികള്‍ (Honeycreepers) ഉണ്ടായിരുന്ന ഹവായ്യില്‍ ഇതിനകം 33 ഇനത്തോളം വംശനാശം സംഭവിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവയുടെ നിലനില്‍പ്പ് അപകടകരമായ സ്ഥിതിയിലുമാണ്.

|
കൊതുകുകള്‍ പരത്തുന്ന മലേറിയ ബാധിച്ചതോടെയാണ് കുരുവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയത്. ഇതോടെയാണ് ഹെലികോപ്റ്ററുകളിലാക്കി പ്രത്യേക ഇനം ആണ് കൊതുകുകളെ തുറന്നുവിട്ടത്. വോള്‍ബാച്ചിയ എന്ന ബാക്ടീരിയ അടങ്ങിയ ആണ്‍കൊതുകുകളുമായി ഇണചേരുന്ന പെണ്‍കൊതുകുകള്‍ക്ക് മുട്ട ഇടാനുള്ള ശേഷി നഷ്ടപ്പെടും. കൊതുകുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നത് തടയാന്‍ ഇന്‍കോംപാറ്റിയബിള്‍ ഇന്‍സെക്റ്റ് ടെക്നിക് എന്ന ഈ രീതി സഹായിക്കും. ആഴ്ചയില്‍ രണ്ടര ലക്ഷം വീതം ആണ്‍കൊതുകുകളെയാണ് ഇങ്ങിനെ തുറന്നുവിട്ടത്. ഒരുകോടി ആണ്‍കൊതുകുകളെയാണ് ഇതിനകം വിവിധ പ്രദേശങ്ങളില്‍ ഇറക്കി.
2018 ലും സമാന രീതി കൗവേയ് പക്ഷികളെ സംരക്ഷിക്കാന്‍ നടപ്പിലാക്കിയിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൊതുകുകള്‍ വന്‍തോതില്‍ പെരുകിയതോടെയാണ് കൗവേയ് പക്ഷികള്‍ വംശനാശ ഭീഷണി നേരിട്ടത്.

യുഎസ് നാഷണല്‍ പാര്‍ക്ക് സര്‍വീസിന്റെ സഹകരണത്തോടെയാണ് ഹവായ് ഈ തേന്‍കുരുവി സംരക്ഷണ യജ്ഞം നടത്തുന്നത്. കൊതുകുകള്‍ ഏറ്റവുമധികം പെറ്റുപെരുകുന്ന വേനല്‍ക്കാലത്താണ് പദ്ധതി എത്രത്തോളം ഫലവത്തായെന്ന് അറിയാന്‍ സാധിക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. കൊതുകുകളെ കൊല്ലാന്‍ കീടനാശിനികളേക്കാള്‍ ഫലപ്രദമായ മാര്‍ഗമാണിത്. കീടനാശിനികള്‍ കൊതുകുകള്‍ക്ക് ഒപ്പം മറ്റു ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും കൂടി ഭീഷണിയാണെന്ന് ക്വീന്സ്ലാന്ഡ് സര്‍വകലാശാലയിലെ പ്രഫ. ഡോക്ടര്‍ നീഗല്‍ ബീബ് പറയുന്നു.





