കഴിഞ്ഞ മെയ് മാസത്തിൽ വെനിസ്വേലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന് പറയപ്പെടുന്ന ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ദുരൂഹതയേറുന്നു. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാൻ (33) എന്ന നാവികന്റെ മൃതദേഹത്തിൽ തലച്ചോർ, ഹൃദയം, ശ്വാസകോശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ആന്തരികാവയവങ്ങൾ ഒന്നുമില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഇതേത്തുടർന്ന് സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ (FSUI) ആവശ്യപ്പെട്ടു.
|
വെനിസ്വേലൻ അധികൃതരുടെ ഭാഗത്തുനിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ മറ്റ് വിവരങ്ങളോ ഇല്ലാതെയാണ് രാകേഷിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് FSUI തങ്ങളുടെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ കുറിച്ചു.
“കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യയിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സത്യം പുറത്തുവന്നത്. മൃതദേഹത്തിൽ ഒരൊറ്റ അവയവം പോലും ഉണ്ടായിരുന്നില്ല. തലച്ചോർ, ഹൃദയം, രണ്ട് ശ്വാസകോശങ്ങളും കാണാനില്ല. കരൾ, വൃക്കകൾ, പ്ലീഹ (Spleen), ആമാശയം, കുടലുകൾ എന്നിവയെല്ലാം നീക്കം ചെയ്തിരിക്കുന്നു. കൂടാതെ തൈറോയ്ഡ്, തൊണ്ടയിലെ അസ്ഥികൾ (Hyoid), ശ്വാസനാളം എന്നിവയും ഇല്ല.” – FSUI വ്യക്തമാക്കി.
മൃതദേഹം കഴുത്ത് മുതൽ അടിവയർ വരെയും (22 തുന്നലുകൾ), ഒരു ചെവി മുതൽ മറുചെവി വരെയും (21 തുന്നലുകൾ) നേരത്തെ തുന്നിക്കെട്ടിയ നിലയിലായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് സംഭവിച്ച പരിക്കുകളൊന്നും ശരീരത്തിലില്ല. ഏകദേശം ഒരു മാസത്തോളം മൃതദേഹം ഡീപ് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവയവങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് ഇന്ത്യൻ തൊഴിലാളികളോട് കാണിക്കുന്ന സമീപനത്തെയും സുതാര്യതയെയും ചോദ്യം ചെയ്യുന്നതാണ് ഈ സംഭവമെന്ന് യൂണിയൻ കൂട്ടിച്ചേർത്തു.
കുടുംബം പറയുന്നത്:
ടിയോറിയയിലെ ലഗ്ദ ബസാർ തോല സ്വദേശിയായ രാകേഷ് ചൗഹാൻ 2025 നവംബറിലാണ് ‘എക്സ്ഫിനിറ്റി’ (Xfinity) എന്ന കമ്പനി വഴി മെർച്ചന്റ് നേവി കപ്പലിൽ ജോലിക്ക് പോയത്. കപ്പലിൽ വെച്ച് രാകേഷ് വീണെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമാണ് കമ്പനി അധികൃതർ ആദ്യം ഫോണിലൂടെ അറിയിച്ചതെന്ന് കുടുംബം പറയുന്നു. പിറ്റേന്ന് രാവിലെ രാകേഷ് രക്ഷപ്പെടാൻ 95 ശതമാനവും സാധ്യതയില്ലെന്ന് അറിയിച്ച കമ്പനി, വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വീഴ്ചയിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് അന്ന് കമ്പനി പറഞ്ഞത്.
ഒരു ആഴ്ചയ്ക്കുള്ളിൽ മൃതദേഹം എത്തിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഒരു മാസത്തിന് ശേഷം ജൂൺ 4-നാണ് മൃതദേഹം ഡിയോറിയയിൽ എത്തിയത്.
പോസ്റ്റ്‌മോർട്ടം വെളിപ്പെടുത്തിയത്:
മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ സംശയം തോന്നിയ പോലീസ് ജില്ലാ മജിസ്‌ട്രേറ്റിന്റെ (DM) ഉത്തരവോടെയാണ് രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഡിയോറിയയിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് തലച്ചോറ്, കണ്ണുകൾ, ഹൃദയം, ശ്വാസകോശം, ദഹനേന്ദ്രിയങ്ങൾ, രക്തക്കുഴലുകൾ ഉൾപ്പെടെയുള്ള എല്ലാ അവയവങ്ങളും പൂർണ്ണമായി നീക്കം ചെയ്തതായി കണ്ടെത്തിയത്.
സാധാരണയായി ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെയോ പരിശോധനകളുടെയോ ഭാഗമായി ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങൾ ലാബ് പരിശോധനയ്ക്കായി എടുക്കാറുണ്ട്. എന്നാൽ രാകേഷിന്റെ മരണത്തെക്കുറിച്ച് വെനിസ്വേലൻ അധികൃതരോ കമ്പനിയോ കൃത്യമായ വിശദീകരണമോ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോ നൽകാത്തതാണ് ഇപ്പോൾ വലിയ ദുരൂഹതയ്ക്കും പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



