23
Jun 2024
Sun
23 Jun 2024 Sun
Virat Kohli and Rohit Sharma

ബാര്‍ബഡോസ്: മികച്ച പ്രകടനവുമായി ലോക കപ്പ് കിരീടം നേടിയതിനു പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. (Virat Kohli and Rohit Shrma announces T20 retirement ) ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുമ്പോഴാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങള്‍ നേടാന്‍ ആഗ്രഹിച്ചതും ഇതാണ്. ഒരു ദിവസം റണ്‍ നേടാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നും. അപ്പോള്‍ ഇത് സംഭവിക്കും. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.” – കോലി പറഞ്ഞു.

കലാശക്കളിയില്‍ തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോലിയുടെ ഇന്നിങ്‌സായിരുന്നു. 59 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്‌സും ആറ് ഫോറുമടക്കം 76 റണ്‍സെടുത്തു. മൂന്നിന് 34 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് മികച്ച സ്‌കോറിലെത്തിച്ചതും കോലിതന്നെ. നിര്‍ണായകമായ 72 റണ്‍സാണ് ഈ സഖ്യം ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.

വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കുന്നതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്രഖ്യാപിച്ചു. മത്സര വിജയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.

വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂര്‍ണമെന്റിലെ താരമായി.