ന്യൂഡല്‍ഹി: മണിപ്പൂര്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. (‘We don’t trust them’: SC slams Manipur govt for not taking Kuki undertrial prisoner to hospital) കുക്കി സമുദായത്തില്‍ പെട്ടയാളായതിനാല്‍ ഒരു വിചാരണ തടവുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാത്തതിലാണ് സുപ്രിം കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. മണിപ്പൂര്‍ സര്‍ക്കാരിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് കോടതി തുറന്നടിച്ചു.
|
ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെതാണ് നിരീക്ഷണം. കുക്കി സമുദായത്തില്‍ നിന്നുള്ള ആളായതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് അപകടകരമായതിനാലാണ് ചികില്‍സ നല്‍കാതിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു.
വിചാരണ തുടങ്ങാനിരിക്കുന്ന പ്രതിക്ക് പൈല്‍സിന്റെയും ക്ഷയ രോഗത്തിന്റെയും ലക്ഷണങ്ങളുണ്ടെന്നാണ് മനസ്സിലാവുന്നതെന്ന് ബുധനാഴ്ച സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കടുത്ത നടുവേദനയെക്കുറിച്ച് ജയില്‍ അധികൃതരോടും ഇയാള്‍ പരാതിപ്പെട്ടിരുന്നു. നവംബര്‍ 22ന് ഒരു മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് ഇയാളുടെ താഴത്തെ നട്ടെല്ലില്‍ ക്ഷയം കാണുകയും എക്സ്റേ എടുക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹം കഴിയുന്ന മണിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മെഡിക്കല്‍ സൗകര്യം ലഭ്യമായിരുന്നില്ലെന്നാണ് അധികൃതര്‍ നല്കിയ വിശദീകരണം.
എന്നാല്‍, മണിപ്പൂര്‍ സര്‍ക്കാരിനെ വിശ്വാസമില്ലെന്നാണ് സുപ്രീം കോടതി ഇതിന് മറുപടി നല്‍കിയത്. കുക്കി സമുദായത്തില്‍ പെട്ടയാളായതുകൊണ്ടാണ് പ്രതിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത്. പ്രതിയെ ഉടന്‍ തന്നെ അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധിക്കാന്‍ സുപ്രിം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. വിശദമായ മെഡിക്കല്‍ റിപോര്‍ട്ട് ജൂലൈ 15നോ അതിനുമുമ്പോ കോടതിയില്‍ ഹാജരാക്കാനും ബെഞ്ച് ഉത്തരവിട്ടു. പ്രതിയുടെ ചികിത്സാ ചെലവ് സംസ്ഥാനം വഹിക്കണമെന്നും കോടതി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് മണിപ്പൂരില്‍ മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ കുറഞ്ഞത് 225 പേര് കൊല്ലപ്പെടുകയും 60,000 പേരെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.





