കോഴിക്കോട്: സൗദി ജയിലിൽ വധശിക്ഷ വിധിക്കപ്പെട്ടു കഴിഞ്ഞ ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമിൻ്റെ മോചനത്തിന് വേണ്ടി കേരളം ഒന്നടങ്കം ഒത്തുപിടിച്ചപ്പോൾ ശേഖരിച്ചത് 47 കോടി രൂപ ആണ്. എന്നാല്‍ മരിച്ച സൗദി ബാലൻ്റെ കുടുംബത്തിന് ദിയാ മണി(blood money) ആയി വേണ്ടിയിരുന്നത് 34 കോടി മാത്രം. തുക കുടുംബം സ്വീകരിച്ചതോടെ റഹീമിൻ്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കുക ഉണ്ടായി.
|
ഇതോടെ റഹീമിന്റെ മോചനത്തിന് ആവശ്യമായ സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമായ എല്ലാ നടപടികളും പൂർത്തിയായി. ദിയാധനം സ്വീകരിച്ച് റഹീമിന് മാപ്പു നല്കാന് തയ്യാറാണെന്ന് അറിയിച്ചുള്ള കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവര്‍ണറേറ്റിന് കോടതി കൈമാറും. റഹീമിനെ അധികം വൈകാതെ ജയിലില്‍നിന്ന് മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും. കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യണ്‍ റിയാലിന്റെ (ഏകദേശം 34 കോടി രൂപ) ചെക്ക് നേരത്തെ തന്നെ കോടതിയില്‍ ഇന്ത്യന്‍ എംബസി വഴി എത്തിച്ചിരുന്നു.
ഇതോടെ ബാക്കി വരുന്ന 13 കോടി രൂപയെ കുറിച്ചുള്ള ചർച്ച തുടങ്ങിയിരിക്കുക ആണ്. റഹീമിൻ്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച Save Rahim കൂട്ടായ്മ തുടങ്ങിയ ട്രസ്റ്റ് ആണ് പണം കൈകാര്യം ചെയ്യുന്നത്. ട്രസ്റ്റിന്റെ അക്കൗണ്ടില്‍ 13 കോടിയോളം രൂപ ശേഷിക്കുന്നുണ്ട്. റഹീം നാട്ടില്‍ എത്തിയ ശേഷം ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. മോചനത്തിനുള്ള കടമ്പ എല്ലാം കഴിഞ്ഞതോടെ ഏത് സമയവും റഹീം മോചിതനായി നാട്ടിലെത്തും.


