28
Jul 2024
Sat
28 Jul 2024 Sat
Supreme court vs ED

ന്യൂഡല്‍ഹി: ആളും തരവും അനുസരിച്ച് കേസുകളില്‍ നിലപാട് സ്വീകരിക്കുന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നിലപാടിനെതിരേ ശക്തമായി പ്രതികരിച്ച് സുപ്രിം കോടതി. അനധികൃത പണമിടപാട് തടയല്‍ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യുമ്പോള്‍ എല്ലാ കേസുകളിലും ഒരേ നയം അനുവര്‍ത്തിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച വിധിയില്‍ ഇഡി കേസുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചാണ് ഈ ഓര്‍മപ്പെടുത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ജനുവരി 31 വരെ 5906 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തതില്‍ 531 കേസുകളില്‍ മാത്രമാണ് സര്‍ച്ച് വാറന്റുകള്‍ പുറപ്പെടുവിച്ചത്. ഇഡിയുടെ അറസ്റ്റിലായവര്‍ 513 ആണ്. പ്രോസിക്യൂഷന്‍ പരാതി സമര്‍പ്പിച്ചതാകട്ടെ 1142 കേസുകളിലും. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എം.എല്‍.സിമാര്‍ക്കുമെതിരെയുള്ള ആകെ ഇ.ഡി കേസുകള്‍ 176 ആണ്. ഈ കണക്കുകള്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇ.ഡി ഉദ്യോഗസ്ഥര്‍ പി.എം.എല്‍.എ 19 (1) വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും മുമ്പ് ആ വ്യക്തിയെ കുറ്റവിമുക്തനാക്കുന്ന തെളിവുകള്‍ പരിഗണിക്കാതിരിക്കരുതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പുവരുത്തുകയെന്നാല്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ എല്ലാവരോടും ഒരുപോലെ ആവര്‍ത്തിക്കലല്ല എന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

സാധാരണഗതിയില്‍ അറസ്റ്റിനുള്ള മാനദണ്ഡങ്ങള്‍ തന്നെ പി.എം.എല്‍.എ 19 (1) വകുപ്പ് പ്രകാരമുള്ള അറസ്റ്റിനും മതിയോ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ ഇതേ നിയമത്തിലെ 41ാം വകുപ്പിലെ വാറന്റില്ലാത്ത അറസ്റ്റിനുള്ള വകുപ്പുകള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തുടര്‍ കുറ്റകൃത്യം തടയുക, മതിയായ അന്വേഷണം സാധ്യമാക്കുക, ഒളിവില്‍ പോകുന്നതും തെളിവ് നശിപ്പിക്കുന്നതും തടയുക, കേസുമായി ബന്ധപ്പെട്ട വ്യക്തികളെ ഭീഷണിപ്പെടുത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങള്‍ക്കായി വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. അതേസമയം, ഇതേ നിയമത്തിലെ 19 (1) വകുപ്പ് പ്രകാരം കേവലം അന്വേഷണത്തിന് വേണ്ടി മാത്രം അറസ്റ്റ് ചെയ്യാനാവില്ല എന്നും പറയുന്നു. ഇക്കാര്യത്തില്‍ വിശാലമായ ഭരണഘടനാ ബെഞ്ചാണ് വ്യക്തത വരുത്തേണ്ടത്.

ഒമ്പത് സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനാല്‍ കെജ്രിവാളിന്റെ കാര്യത്തില്‍ ‘അറസ്റ്റിന്റെ ആവശ്യകത’ ഉണ്ട് എന്നാണ് ഇ.ഡി വാദിച്ചത്. എന്നാല്‍, 2022 ആഗസ്തില്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിന് കാരണമായി പറയുന്ന മൊഴികളെല്ലാം രേഖപ്പെടുത്തിയ കേസില്‍ 2023 മാര്‍ച്ച് 21ന് ‘അറസ്റ്റിന്റെ ആവശ്യകത’ ഇല്ലായിരുന്നുവെന്നാണ് കെജ്രിവാള്‍ വാദിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട് രാജിവെക്കണമെന്നോ മുഖ്യമന്ത്രിയായോ മന്ത്രിയായോ പ്രവര്‍ത്തിക്കരുതെന്നോ നിര്‍ദേശം നല്‍കാന്‍ കോടതിക്കാവുമോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുകയാണെന്നും ഇടക്കാല ജാമ്യം നല്‍കിയ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കി.