28
Jul 2024
Sun
28 Jul 2024 Sun

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് വെടിവെച്ച് കൊന്നത്. ഇന്ന് രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്റെ ഭാഗമായി മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെളിവെടുപ്പിനിടെ എസ്‌ഐമാരില്‍ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ആംസ്‌ട്രോങ്ങിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താനാണ് തിരുവെങ്കടത്തെ മാധവരത്ത് എത്തിച്ചത്. പരുക്കേറ്റ ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2015ല്‍ തിരുവളളൂര്‍ ജില്ലയിലെ ബിഎസ്പി പ്രസിഡന്റ് തേനരശിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മരിച്ച തിരുവെങ്കടം.

ഈ മാസം ആറിനാണ് ആംസ്‌ട്രോങ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ പ്രമുഖ ദലിത് നേതാവായ ആംസ്‌ട്രോങ് വീടിന് സമീപത്തുവച്ച് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൊല നടത്തിയത്. സംഘം ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചെന്നൈ മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ് ആംസ്‌ട്രോങ്.

Tamil Nadu BSP chief K Armstrong’s murder accused killed in police encounter