മയാമി: അര്‍ജന്റീനയും കൊളംബിയയും തമ്മിലുള്ള കോപ്പ അമേരിക്ക ഫൈനല്‍ വൈകിത്തുടങ്ങും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 ന് ആരംഭിക്കേണ്ട മത്സരം 6 മണിക്കാണ് ആരംഭിക്കുക. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരം വൈകുന്നത്.
|
ഫൈനല്‍ നടക്കുന്ന ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ തള്ളിക്കയറിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മത്സരം കാണാനായി ആരാധകര്‍ ടിക്കറ്റില്ലാതെ സ്റ്റേഡയത്തിലേക്ക് പ്രവേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരേയും മറികടന്ന് നിരവധി ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി. ഇതോടെയാണ് മത്സരം വൈകിയത്.

ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിലേക്കു കയറ്റില്ലെന്ന് കോപ്പ അമേരിക്ക സംഘാടകരായ കോണ്‍മെബോള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ടിക്കറ്റ് വാങ്ങിയവര്‍ക്ക് ഉടന്‍ തന്നെ സ്റ്റേഡിയത്തിലേക്കു കടക്കാമെന്നും കോണ്‍മെബോള്‍ വ്യക്തമാക്കി.
കോപ്പയില്‍ 16 തവണ ജേതാക്കളാവുകയെന്ന റെക്കോര്‍ഡാണ് അര്‍ജന്റീന ലക്ഷ്യമിടുന്നതെങ്കില്‍ കൊളംബിയ ഒരേയൊരു വട്ടം കപ്പ് നേടിയത് രണ്ടു പതിറ്റാണ്ടു മുന്‍പാണ്; 2001ല്‍. എന്നാല്‍ സീനിയര്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ മികവില്‍ ഇത്തവണ കോപ്പയില്‍ മികച്ച പ്രകടനമാണ് കൊളംബിയ കാഴ്ച വച്ചത്. തുടര്‍ച്ചയായി 28 മത്സരങ്ങളില്‍ അപരാജിതരായി നില്‍ക്കുകയാണ് അവര്‍.
കാനഡയ്‌ക്കെതിരെ സെമിഫൈനലില്‍ ഗോള്‍ നേടിയ യൂലിയന്‍ അല്‍വാരസ് തന്നെ ഫോര്‍വേഡ് ആയി ആദ്യ ഇലവനിലുണ്ട്. ടോപ് സ്‌കോറര്‍ ലൗറ്റാരോ മാര്‍ട്ടിനസ് റിസര്‍വ് ബെഞ്ചില്‍ തന്നെയാകും. യുറഗ്വായ്‌ക്കെതിരെ സെമിഫൈനലില്‍ ചുവപ്പു കാര്‍ഡ് കണ്ട കൊളംബിയന്‍ ഡിഫന്‍ഡര്‍ ഡാനിയേല്‍ മുനോസ് ഫൈനലില്‍ കളിക്കുന്നില്ല.


