17
Jul 2024
Fri
17 Jul 2024 Fri
bangladesh reservation protest

ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികളിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. (Bangladesh issues high security alert as deadly protests escalate) ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ധക്ക, ചാട്ടോഗ്രാം, രംഗ്പൂര്‍, കുമില്ല തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം കത്തുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വടികളും പാറക്കല്ലുകളും ഉപയോഗിച്ചാണ് സായുധ പൊലീസിനെ നേരിട്ടത്. വ്യാഴാഴ്ച വൈകുന്നേരം ചാട്ടോഗ്രാമിലെ ബഹദ്ദര്‍ഹട്ട് മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നിരസിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച ഉച്ചയ്ക്ക് തലസ്ഥാനത്തെ ധന്‍മോണ്ടിയില്‍ പൊലീസും അവാമി ലീഗുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ധാക്ക റസിഡന്‍ഷ്യല്‍ മോഡല്‍ കോളേജിലെ 17 വയസ്സുള്ള വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍, രാജ്യത്തുടനീളമുള്ള സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി തലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ എല്ലാ പൊതു, സ്വകാര്യ സര്‍വ്വകലാശാലകളും അതിന്റെ അനുബന്ധ മെഡിക്കല്‍ കോളേജുകളും മറ്റ് സ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

ഉന്നത സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം, 1971ല്‍ പാകിസ്താനെതിരായ സ്വാതന്ത്ര്യ സമരത്തില്‍ പോരാടിയവരുടെ പിന്മുറക്കാര്‍ക്ക് നല്‍കുന്നതിനെതിരേയാണ് പ്രക്ഷോഭം. സര്‍ക്കാര്‍ തൊഴിലുകളിലെ സംവരണം റദ്ദാക്കിയ 2018-ലെ ഉത്തരവ് നിയമവിരുദ്ധമെന്നു പറഞ്ഞ് ജൂണ്‍ അഞ്ചിന് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സമരം തുടങ്ങിയത്. കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്.

Bangladesh protest

സംവരണവിരുദ്ധ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍. സംവരണസമ്പ്രദായം പരിഷ്‌കരിച്ച് സര്‍ക്കാര്‍ സര്‍വീസുകളില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 31 പേര്‍ കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരം ദേശീയ ചാനലായ ബിടിവിയുടെ ഓഫിസിലേക്ക് സമരക്കാര്‍ ഇരച്ചു കയറി. ഫര്‍ണീച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ച ശേഷം കെട്ടിടത്തിന് തീയിട്ടു. ഇതേ തുടര്‍ന്ന് ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിവച്ചു. ജീവനക്കാര്‍ മുഴുവന്‍ ഓടി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് വാര്‍ത്താവിനിമയ മന്ത്രി അറിയിച്ചു. സമരം തണുപ്പിക്കുന്നതിന് രാജ്യത്തെ പല ഭാഗങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിഛേദിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ ചര്‍ച്ചകള്‍ക്കുള്ള ആഹ്വാനം വിദ്യാര്‍ത്ഥികള്‍ തള്ളി. ഒരു വശത്ത് ചര്‍ച്ച വേണമെന്ന് പറയുന്ന സര്‍ക്കാര്‍ മറുവശത്ത് ഭരണ അനുകൂല സംഘടനകളെ ഉപയോഗിച്ച് സമരക്കാരെ ആക്രമിക്കുകയാണെന്നു വിദ്യാര്‍ത്ഥി നേതാക്കള്‍ ആരോപിച്ചു.