18
Jul 2024
Mon
18 Jul 2024 Mon
Joe Biden Kamala Harris

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ പിന്മാറി.(US election 2024 live: Joe Biden drops out of race, endorses Kamala Harris)  പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താല്‍പര്യത്തിന് വേണ്ടി താന്‍ പിന്മാറുന്നുവെന്ന് 81കാരനായ അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിച്ചു. തനിക്കു പകരം കമല ഹാരിസിന്റെ പേരു നിര്‍ദ്ദേശിച്ചാണ് ബൈഡന്‍ പിന്‍മാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡന്‍ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിലെ മോശം പ്രകടനത്തെതുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് ഉയര്‍ന്ന ശക്തമായ സമ്മര്‍ദമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും നന്മക്ക് മത്സരത്തില്‍നിന്ന് പിന്മാറി. ഇനി ബാക്കിയുള്ള സമയം പ്രസിഡന്റ് പദവിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് നല്ലതെന്ന് താന്‍ കരുതുന്നതായി അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കും. ബൈഡന്‍ നിര്‍ദ്ദേശിച്ച കമല ഹാരിസ് തന്നെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നത്.

ഇതോടെ, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു ഇന്ത്യന്‍ വംശജ മത്സരിക്കുന്നതിനും കളമൊരുങ്ങി. കമല ഹാരിസിനെ വൈസ് പ്രസിഡന്റാക്കിയതാണ് തന്റെ ഏറ്റവും മികച്ച തീരുമാനമെന്ന് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബൈഡന്‍ വ്യക്തമാക്കി.

ബൈഡന്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും അഭിപ്രായപ്പെട്ടിരുന്നു. നാന്‍സി പെലോസിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഒബാമ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

നിലവില്‍ കോവിഡ് ബാധിച്ച് റെഹോബോത്തിലെ അവധിക്കാല വസതിയില്‍ നിരീക്ഷണത്തിലാണ് ബൈഡന്‍. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി തിരിച്ചെത്തുമെന്ന് ഐസൊലേഷനില്‍ കഴിയുന്ന അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.

എന്നാല്‍, സ്വന്തം പാളയത്തില്‍ത്തന്നെ ഒറ്റപ്പെട്ടുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റ് പദത്തില്‍ രണ്ടാമൂഴം തേടിയുള്ള പരീക്ഷണത്തില്‍നിന്ന് ജോ ബൈഡന്റെ പിന്‍മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ബൈഡന്‍ പിന്മാറണമെന്ന് പാര്‍ട്ടിക്കകത്തും പുറത്തും കടുത്ത സമ്മര്‍ദമുയര്‍ന്നിരുന്നു.
പ്രായാധിക്യ പ്രശ്‌നങ്ങള്‍, ട്രംപിനു നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സര്‍വേകള്‍, ഏറ്റവുമൊടുവിലായി കോവിഡ് ബാധിച്ചത് തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡന്‍ നിരന്തരം വെല്ലുവിളികള്‍ നേരിട്ടിരുന്നു.

ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേ അനുസരിച്ച് പാര്‍ട്ടിയിലെ 10ല്‍ ആറുപേരും കമലയ്ക്ക് അനുകൂലമാണ്. കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തേടിത്തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സെനറ്റര്‍ മാര്‍ക് കെല്ലി, കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബീഷര്‍, നോര്‍ത്ത് കാരലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ എന്നിവരുടെ പേരുകളും കേള്‍ക്കുന്നു.