സ്തനാര്‍ബുദം പിടിപെട്ട കൂട്ടുകാരന്റെ ഭാര്യക്ക് ചികില്‍സിക്കാന്‍ പണം വേണം. സഹായിക്കാമെന്ന് വച്ചാല്‍ കൈയില്‍ കാശില്ല. (Bike theft for cancer treatment of friends wife) ആത്മാര്‍ത്ഥ സുഹൃത്തിനെ കൈയൊഴിയാനും വയ്യ. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ബംഗളുരുവിലെ സോലദേവനഹള്ളി സ്വദേശിയായ ആകാശ് ചെയ്തത് ആരെയും അമ്പരപ്പിക്കുന്ന കാര്യമാണ്. പകല്‍ സമയത്ത് പഴക്കച്ചവടം നടത്തിയും രാത്രി മോഷണം നടത്തിയും ചികിത്സക്ക് പണം കണ്ടെത്തുകയാണ് 33 കാരനായ ആകാശ് ചെയ്തത്. ആപ്പിള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ആകാശ്.
|
ടൂവീലര്‍ വാഹനങ്ങളാണ് മോഷ്ടിച്ചിരുന്നത്. ഗിരിനഗര്‍ ഫേസ് ടുവിലുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നിഖില്‍ ഇആര്‍ എന്ന വ്യക്തിയുടെ ബൈക്ക് മോഷ്ടിക്കുന്നതിനിടെയാണ്
ആകാശും സത്യ എന്നറിയപ്പെടുന്ന സതീഷും പോലീസ് പിടിയിലാവുന്നത്. ബ്യാദരഹള്ളി സ്വദേശിയാണ് 40-കാരനായ സതീഷ്.
പോലീസ് ചോദ്യം ചെയ്തതോടെയാണ് ആകാശിന്റെ സുഹൃത്തിന്റെ ഭാര്യയുടെ കാന്‍സര്‍ ചികിത്സക്ക് പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്ന കാര്യം ഇവര്‍ വെളിപ്പെടുത്തിയത്. നേരത്തെ 15 കേസുകളില്‍ പ്രതിയായ ആകാശ് ഒരു മാസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഒന്നര വര്‍ഷം മുമ്പ് ഭാര്യ ആകാശിനെ ഉപേക്ഷിച്ചു പോയിരുന്നു. അതിന് ശേഷം സുഹൃത്തിന്റെ വീട്ടിലായിരുന്നു ആകാശിന്റെ താമസം. ഭാര്യ വിട്ടു പോയതോടെ സുഹൃത്തും ഭാര്യയും ഇയാള്‍ക്ക് അഭയം നല്‍കി.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വനിതാ ഡോക്ടർക്ക് 59 ലക്ഷം രൂപ നഷ്ടമായി
ഇതിനിടയിലാണ് സുഹൃത്തിന്റെ ഭാര്യക്ക് കാന്‍സര്‍ പിടിപെടുന്നത്. ഇതോടെയാണ് തനിക്ക് അഭയം നല്‍കിയവരെ ഏത് വിധേനയും സഹായിക്കാന്‍ ആകാശ് തീരുമാനിച്ചത്. പകല്‍ സമയങ്ങളില്‍ പഴക്കച്ചവടം നടത്തുകയും രാത്രി സമയങ്ങളില്‍ ഇയാള്‍ മോഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ബൈക്ക് മോഷണത്തിന് പുറമേ അടച്ചിട്ട വീടുകളില്‍ കയറിയും കവര്‍ച്ച നടത്തിയിരുന്നു.
ആകാശിന്റെ കൂടെ പിടിയിലായ സതീഷ് കൊലപാതകം, പിടിച്ചുപറി, മോഷണം തുടങ്ങി 42 ഓളം കേസുകളില്‍ പ്രതിയാണ്. മോഷ്ടിച്ച വാഹനങ്ങള്‍ വിറ്റു കിട്ടുന്ന പണമാണ് ഇവര്‍ സുഹൃത്തിന് നല്‍കിയിരുന്നത്. 10.7 ലക്ഷം രൂപ വില വരുന്ന എട്ട് ബൈക്കുകളാണ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത്.





