ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ അധ്യാപികയുടെ ക്രൂരതയ്ക്കിരയായ മുസ്ലിം വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ചെലവുകള്‍ കണ്ടെത്താന്‍ യുപി സര്‍ക്കാരിനോട് സുപ്രിം കോടതി. (Muslim student being slapped on the face by the support of teacher; Supreme Court directs UP government to bear child’s education expenses ) വിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിലെ ഇരയായ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് സ്പോണ്‍സറെ കണ്ടെത്തണമെന്ന് യു.പി സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന് ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് കുട്ടി അതേ സ്കൂളില്‍ തന്നെ തുടരുന്നുവെന്ന് സംസ്ഥാനം ഉറപ്പാക്കണമെന്നും പറഞ്ഞു.
|
‘കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് അവന്റെ സ്കൂള്‍ വിദ്യാഭ്യാസം അവസാനിക്കുന്നത് വരെ നോക്കണം. കുട്ടിക്ക് പഠന ചെലവുകള്‍ വഹിക്കാന്‍ പ്രാപ്തരായ സ്പോണ്‍സറെ കണ്ടെത്തുകയും അവന് അതേ സ്കൂളില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും വേണം,’ കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യു.പി സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
കുട്ടിയുടെ പഠന ചെലവുകള്‍ വഹിക്കാന്‍ ഒരു സന്നദ്ധ സംഘടന തയ്യാറയിട്ടുണ്ടെന്ന് യു.പി അഭിഭാഷകന് ഗരിമ പ്രസാദ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സന്നദ്ധ സംഘടനയുടെ വാഗ്ദാനമൊക്കെ അവ്യക്തമായ കാര്യമാണെന്നും കുട്ടിയുടെ സ്കൂള്‍ കാലം പൂര്‍ത്തിയാകും വരെ ചിലവുകള്‍ വഹിക്കാന്‍ ഒരു സ്പോണ്‍സറെ സര്‍ക്കാര്‍ കണ്ടെത്തണമെന്നും കോടതി പറയുകയായിരുന്നു.
മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലാന്‍ സഹപാഠികളെ പ്രേരിപ്പിച്ചതിന് ത്രിപ്ത ത്യാഗി എന്ന സ്കൂള്‍ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകന് തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തില്‍ സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കേസിന് ആസ്പദമായ സംഭവം. മുസാഫര്‍നഗറിലെ സ്കൂളിലെ അധ്യാപികയായ ത്രിപ്ത ത്യാഗി തന്റെ വിദ്യാര്‍ത്ഥികളോട് മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റു കുട്ടികള്‍ ഓരോരുത്തരായി വന്ന് മുസ്ലിം കുട്ടിയുടെ മുഖത്തടിച്ചു. കുട്ടിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തുകയും ചെയ്തു. സ്കൂളിലെ ജീവനക്കാരന് ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുഖത്തടിയേറ്റ കുട്ടിയെ മാതാപിതാക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് മാറ്റി സ്വകാര്യ സ്കൂളില്‍ ചേര്‍ത്തിരുന്നു.





