വാഷിങ്ടണ്‍: ബെയ്‌റൂത്തിലും തെഹ്‌റാനിലും ഇസ്രായേല്‍ നടത്തിയ കൊലകള്‍ക്ക് തിരിച്ചടിയായി ഇറാന്‍ ‘പ്രതിരോധ അച്ചുതണ്ട്’ ഇസ്രായേലിനെതിരേ സംയുക്ത ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന.(Iran ‘Axis of resistance’ prepares for Joint Attack on Israel) ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ അമേരിക്കന്‍ സേന ആരംഭിച്ചതായും മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു.
|
നേരിട്ട് ആക്രമിക്കുന്നതിന് പകരം യമന്‍, ഇറാഖ്, ലബ്‌നോന്‍ എന്നിവിടങ്ങളിലെ പോരാളി സംഘടനകളെ ഉപയോഗിക്കാനാണ് ഇറാന്റെ പദ്ധതി. എല്ലാ ഭാഗത്തും നിന്നും ഏകോപിച്ചുള്ള ആക്രമണമായിരിക്കും ഉണ്ടാവുക. ഈ സംഘടനകള്‍ പരസ്പരം ബന്ധപ്പെടുന്ന സന്ദേശങ്ങള്‍ പിടിച്ചെടുക്കാനും ഡീകോഡ് ചെയ്യാനുമുള്ള ശ്രമത്തിലാണ് അമേരിക്ക.
ഏപ്രിലില്‍ നടന്ന ആക്രമണത്തേക്കാള്‍ ശക്തമായി ഇറാന്‍ സഖ്യ ശക്തികള്‍ ആക്രണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അപ്രതീക്ഷിത ആക്രമണത്തിനാണ് സാധ്യതയെന്നും കരുതുപ്പെടുന്നു.
ALSO READ: ഹനിയ്യയുടെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഇറാന്‍; ആക്രമണം അമേരിക്കന്‍ സഹായത്തോടെ
ബെയ്‌റൂത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ശുക്‌റും തെഹ്‌റാനില്‍ ഹമാസ് കമാന്‍ഡര്‍ ഇസ്മഈല്‍ ഹനിയ്യയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാനും പോരാളി സംഘടനകള്‍ക്കും വലിയ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കനത്ത തിരിച്ചടി നല്‍കണമെന്ന ആഹ്വാനമാണ് ഉയരുന്നത്.
തെഹ്‌റാനില്‍ ഇസ്ലാമിക റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ സംരക്ഷണയിലുണ്ടായിരുന്ന ഹനിയ്യ കൊല്ലപ്പെട്ടത് ഇറാനെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികാരം ഒഴിവാക്കാനാവാത്തതാണെന്നാണ് സംഭവത്തെ കുറിച്ച് ഹസന്‍ നസ്‌റുല്ല പ്രതികരിച്ചത്.
ഡമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റില്‍ ബോംബിട്ടതിന് പ്രതികാരമായി ഏപ്രിലില്‍ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. എന്നാല്‍, അമേരിക്കയെയും ഗള്‍ഫ് രാജ്യങ്ങളെയും മുന്‍കൂട്ടി അറിയിച്ച് നിയന്ത്രിത ആക്രമണമാണ് ഇറാന്‍ നടത്തിയത്. അതുകൊണ്ട് തന്നെ ഇറാന്റെ മിസൈലുകളില്‍ മിക്കതും പ്രതിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍, അതില്‍ നിന്ന് വ്യത്യസ്ഥമായ ആക്രമണമായിരിക്കും ഇത്തവണയെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല സൂചിപ്പിക്കുന്നു.


