മലപ്പുറം: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് നയം (Haj policy 2025) പ്രഖ്യാപിച്ചു. ഇതുപ്രകാരം 65 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പിൻ്റെ ആവശ്യമില്ലാതെ നേരിട്ട് അവസരം ഉണ്ടാകും. നേരത്തേ 70 വയസ്സിനു മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്. ഈ നയത്തിൽ ആണ് മാറ്റം ഉണ്ടായിരിക്കുന്നത്.
|
65 വയസ്സിന് മുകളിലുള്ളവരിൽനിന്ന് സത്യവാങ് മൂലം വാങ്ങിയാകും ഇവർക്ക് അവസരം നൽകുക. ഇവരോടൊപ്പം 18-നും 60-നും ഇടയിൽ പ്രായമുള്ള ഒരു സഹായിക്കും നേരിട്ട് അവസരം ഉണ്ടാകുന്ന വിധത്തിൽ അണ് 2025-ലേക്കുള്ള ഹജ്ജ് നയത്തിൽ പരിഷ്കാരം ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇന്ത്യക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായാണ് വീതം വെക്കുക. ഒരു കവറിൽ പരമാവധി അഞ്ച് മുതിർന്നവർക്കും രണ്ടു കുട്ടികൾക്കും (രണ്ടു വയസ്സിൽത്താഴെ) അപേക്ഷിക്കാൻ കഴിയും.
രക്തബന്ധത്തിൽപെട്ട പുരുഷന്മാർ കൂടെ ഇല്ലാത്ത (മെഹ്‌റമില്ലാത്ത) വനിതകളുടെ സംഘത്തിന് നിലവിൽ തുടരുന്ന മുൻഗണന ലഭിക്കും. 65 വയസ്സിന് മുകളിലുള്ള മെഹ്‌റമില്ലാത്ത വനിതകളുള്ള സംഘത്തിൽ 45-നും 60 ഇടയിലുള്ള സഹതീർഥാടക നിർബന്ധമാണ്.
70 വയസ്സിൽ ഇളവു വരുത്തിയത് കേരളത്തിൽ ആയിരക്കണക്കിന് അപേക്ഷകർക്ക് നേട്ടമാകും. അപേക്ഷിച്ചാൽ ഉടൻ അവസരം ലഭിക്കുമെന്നതിനാൽ അടുത്ത വർഷം കൂടുതൽ അപേക്ഷകരായുണ്ടാകും.
കേരളത്തിൽ ഇക്കുറിയും കരിപ്പൂർ പുറപ്പെടൽ കേന്ദ്രം ആയത് ആണ് നയത്തിലെ മറ്റൊരു ഹൈലൈറ്റ്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെയൂം ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളായി (Haj embarkation point) നിലനിർത്തിയിട്ടുണ്ട്. ഇതുൾപ്പെടെ രാജ്യത്താകെ 20 പുറപ്പെടൽ കേന്ദ്രങ്ങളാണുള്ളത്. ഏതെങ്കിലും കേന്ദ്രത്തിൽ ആളുകൾ ക്രമാതീതമായി കുറഞ്ഞാൽ കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം ക്രമീകരണം നടത്തി തീർഥാടകരെ മറ്റു പുറപ്പെടൽ കേന്ദ്രത്തിലേക്ക് മാറ്റും.
ഹെൽത്ത് ആൻഡ് ട്രെയിനിങ് കാർഡ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ഓറൽ പോളിയോ തുടങ്ങിയവയൂം നില നിർത്തി.
ഇതോടൊപ്പം, തീർഥാടനവേളയിൽ ഹാജിമാരെ സഹായിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനും നിയോഗിക്കുന്ന ഖാദിമുൽ ഹുജ്ജാജുമാർ ഇനി സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ എന്ന പേരിലാകും അറിയപ്പെടുക എന്നും നയത്തിൽ പറയുന്നു.
150 പേർക്ക് ഒരാൾ എന്നതോതിൽ ഇത്തരക്കാരെ നിയോഗിക്കും. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഈ തസ്തികയിൽ നിയോഗിച്ച് വരാറുള്ളത്.
2025 Haj policy announced
Haj pilgrims above 65 years are not required to draw


