14
Aug 2024
Wed
14 Aug 2024 Wed
Kerala school exam

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലും ഓള്‍ പാസ് ഒഴിവാക്കുന്നു.(Minimum marks requirement kerala schools)  ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കു വേണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2026-2027 വര്‍ഷത്തില്‍ എഴുത്ത് പരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് നിബന്ധന പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം.

ഒന്‍പതാം ക്ലാസ് വരെയുള്ള ഓള്‍ പാസ് സംവിധാനം, സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം കുത്തനെ തകര്‍ക്കുന്നുവെന്ന ശക്തമായ തിരിച്ചറിവാണു സിപിഎം അനുകൂല അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്നു മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍.

വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നും എല്ലാവര്‍ക്കും എപ്ലസ് നല്‍കുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോണ്‍ക്ലേവിലുയര്‍ന്ന നിര്‍ദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്.

തുടര്‍മൂല്യനിര്‍ണയ സംവിധാനത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കി കൂട്ടത്തോടെ ജയിപ്പിച്ചുവിടുന്ന കുട്ടികള്‍ ഉപരിപഠനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷകളില്‍ നിരാശാജനകമായ രീതിയില്‍ പിന്നോട്ടുപോകുന്നുവെന്ന നിരന്തര വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ മിനിമം മാര്‍ക്ക് ഒറ്റയടിക്ക് എസ്എസ്എല്‍സിക്കു നടപ്പാക്കാതെ എട്ടാം ക്ലാസ് മുതല്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ അധ്യയന വര്‍ഷം 8ാം ക്ലാസിലും അടുത്ത അധ്യയന വര്‍ഷം 8,9 ക്ലാസുകളിലും വാര്‍ഷിക പരീക്ഷയില്‍ ഈ പരിഷ്‌കാരം നടപ്പാക്കി തുടങ്ങാനാണു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. 2027 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ മുതല്‍ ഇതു പ്രാബല്യത്തിലാകും.

നിലവിലെ എട്ടാം ക്ലാസുകാര്‍ 10ാം ക്ലാസിലെത്തുന്നതു മുതലാകും എസ്എസ്എല്‍സിയിലും പരിഷ്‌കാരം നടപ്പാക്കുക. അതേസമയം, ഈ വര്‍ഷം 30% മാര്‍ക്ക് നേടാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും അടുത്ത ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റം തടയില്ല. പകരം അവരും ആ നിലവാരം നേടിയെന്ന് ഉറപ്പാക്കിയ ശേഷം സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. അതിനായി ഈ വിദ്യാര്‍ഥികള്‍ക്ക് അധ്യാപക പിന്തുണയോടെ അവധിക്കാല പഠനമൊരുക്കി ‘സേവ് എ ഇയര്‍'(സേ) പരീക്ഷ നടത്തുന്നതാണു പരിഗണനയിലുള്ളത്. എസ്‌സിഇആര്‍ടി ശുപാര്‍ശ ചെയ്യുന്നതും ഇതാണ്.

സ്‌കൂള്‍ തലത്തില്‍ നല്‍കുന്ന തുടര്‍ മൂല്യ നിര്‍ണയത്തിന്റെ 20% മാര്‍ക്കും എസ്എസ്എല്‍സി എഴുത്തു പരിക്ഷയിലെ മാര്‍ക്കും ചേര്‍ത്ത് 30% നേടിയാല്‍ ജയിക്കാമെന്നതാണു നിലവിലെ രീതി. തുടര്‍ മൂല്യനിര്‍ണയത്തിനു ബഹുഭൂരിപക്ഷം കുട്ടകള്‍ക്കും 20% മാര്‍ക്കും നല്‍കുന്നതിനാല്‍ എഴുത്തു പരിക്ഷയില്‍ 10% മാര്‍ക്ക് നേടിയാലും ജയിക്കാനാകും.

ALSO READ: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അനുമതി നല്‍കണമെന്ന് ഖാദര്‍ കമ്മിറ്റി

ഇതു നിലവാരം ഇടിക്കുന്നതായുളള വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി വിജയ മാനദണ്ഡം എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ആക്കി പരിഷ്‌കരിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. ഈ തീരുമാനത്തെ വിദ്യാഭ്യാസ വിദഗ്ധരടക്കം സ്വാഗതം ചെയ്തെങ്കിലും സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും ശാസ്ത്രസാഹിത്യ പരിഷത്തും എതിര്‍ത്തതു വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഘട്ടം ഘട്ടമായി പരീക്ഷാ പരിഷ്‌കാരം നടപ്പാക്കാനുള്ള പുതിയ തീരുമാനം.

അക്കാദമിക മികവ് ഉയര്‍ത്തുന്നതിനായി സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം നിരന്തര മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ തികച്ചും മെറിറ്റിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നതു ഉറപ്പുവരുത്തേണ്ടതാണ്. ഏതെങ്കിലും വിഷയത്തില്‍ പിന്നാക്കം പോകുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് റെമഡിയല്‍ ക്ലാസുകള്‍ നല്‍കി ആ വിഷയത്തില്‍ പുനഃപരീക്ഷ നടത്തി അതിലൂടെ മികച്ച വിജയം കരസ്ഥമാക്കാവുന്നതുമാണെന്നും നിര്‍ദേശിച്ചു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനായി ഘട്ടംഘട്ടമായി നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും ജില്ലാതല കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഡിഇഒ, എഇഒ തലത്തില്‍ ഗുണമേന്മാ വിദ്യാഭ്യാസ പിന്തുണാ കമ്മിറ്റികള്‍ രൂപീകരിക്കും. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പിടിഎ അധികൃതര്‍, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവരുടെ പിന്തുണ ഉറപ്പാക്കും.