- എംടിപി റഫീക്ക്
മൂന്നുറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കോടിക്കണക്കിന് രൂപയുടെ വീടുകളും സ്വത്തും നഷ്ടപ്പെടുകയും ചെയ്ത വയനാട്ടില്‍ സുമനസ്സുകളുടെ കാരുണ്യപ്രവാഹം.(Wayanad landslide Rehabilation: More than twice the number of houses declared destroyed in Wayanad so far) രക്ഷാപ്രവര്‍ത്തനത്തില്‍ കൈമെയ് മറന്നു സഹകരിച്ച കേരളം പുനരധിവാസ കാര്യത്തിലും വലിയ ആവേശത്തോടെയാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്. പുനരധിവാസത്തിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും വ്യാപകമായ പിരിവും ആരംഭിച്ചിട്ടുണ്ട്.
|
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 229 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 130 പേരെ കാണാതായി. ഇവരും കൂടി മരിച്ചതായി സ്ഥിരീകരിച്ചാല്‍ ആകെ മരണം 359 ആയി ഉയരും.
ദുരന്തത്തില്‍ മേപ്പാടി പഞ്ചായത്തിലെ 22 വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകളാണ് വാസയോഗ്യമല്ലാതായത്. മുണ്ടക്കൈയില്‍ ആകെയുണ്ടായിരുന്ന 280 വീടുകളില്‍ 200 എണ്ണം പൂര്‍ണമായും 50 എണ്ണം ഭാഗികമായും തകര്‍ന്നു. ദുരന്തം വലിയ നാശം വിതച്ച മറ്റൊരു വാര്‍ഡായ ചൂരല്‍ മലയില്‍ 470 വീടുകളാണുണ്ടായിരുന്നത്. ഇതില്‍ 112 എണ്ണം പൂര്‍ണമായും 39 എണ്ണം ഭാഗികമായും തകര്‍ന്നു. ഈ വാര്‍ഡില്‍ താമസിച്ചിരുന്ന 2000 പേരില്‍ 600 പേര്‍ക്ക് അടിയന്തരമായി താമസ സ്ഥലം കണ്ടെത്തണം. അട്ടമലയില്‍ 40 വീടുകളാണ് പൂര്‍ണമായും നഷ്ടപ്പെട്ടത്. 40 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ALSO READ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം; നുണബോംബുകള്‍ പൊളിയുന്നു (Video)
ഈ കണക്കുകള്‍ പ്രകാരം മൂന്ന് വാര്‍ഡുകളിലും കൂടി പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളുടെ എണ്ണം 481 ആണ്. പ്രദേശത്തേക്ക് തിരിച്ചു പോകാന്‍ താല്‍പര്യമില്ലാത്തവതും ദുരന്ത സാധ്യതയുള്ളതുമായ 400 വീടുകള്‍ കൂടി ചേര്‍ന്നാലും ആകെ 900ല്‍ താഴെ വീടുകളാണ് പുതുതായി നിര്‍മിക്കേണ്ടി വരിക.
ഇനി നിലവില്‍ വിവിധ സംഘടനകള്‍ വാഗ്ദാനം ചെയ്തിട്ടുള്ള വീടുകളുടെ എണ്ണം നോക്കാം.
മുസ്ലിം ലീഗ് – 100 വീട് (15 കോടിയിലധികം ഇതിനകം പിരിച്ചു)
നാഷനല്‍ സര്‍വീസ് സ്‌കീം- 150 വീട്
കോണ്‍ഗ്രസ്(രാഹുല്‍ ഗാന്ധി)- 100 വീട്
കര്‍ണാടക- 100 വീട്
ഫിലോകാലിയ ഫൗണ്ടേഷന്‍- 100 വീട്
റിപ്പോര്‍ട്ടര്‍ ടിവി- 150 വീട് (150 ഏക്കര്‍ സ്ഥലത്ത് ടൗണ്‍ഷിപ്പ്)
മദനീയം ആത്മീയ വേദി- 100 വീട്/ സ്ഥലം
കെസിബിസി- 100 വീട്
ഡിവൈഎഫ്‌ഐ- 25 വീട്
യൂത്ത് കോണ്‍ഗ്രസ്- 30 വീട്
മലങ്കര ഓര്‍ത്തഡോക്‌സ് സഭ- 50 വീട്
കെഎന്‍എം- 50 വീട്
ശ്രീകണ്ഠന്‍ എംപി- 5 വീട്
കോഴിക്കോട് സിറ്റി കോപ്പറേറ്റീവ് ബാങ്ക്- 11 വീട്
ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ്- 20 വീട്
ഇന്‍കാസ് യുഎഇ- 10 വീട്
ഗോകുലം ഗോപാലന്‍- 25 വീട്
വയനാട് പീസ് വാലി- 20 വീട്
കോട്ടക്കല്‍ ആര്യ വൈദ്യ ശാല- 10 വീട്
ബോബി ചെമ്മണ്ണൂര്‍- 100 പേര്‍ക്ക് വീടിനുള്ള സ്ഥലം.
ഐസിഎഫ്- 10 വീട്
വേര്‍ഡ് മലയാളി കൌണ്‍സില്‍- 14 വീട്
തണല്‍ മരം മലപ്പുറം- 5 വീട്
കാലിക്കറ്റ് ബിസിനസ് ഫോറം- 40 വീട്
മോഹന്‍ലാല്‍- സ്‌കൂള്‍
വ്യാപാര വ്യവസായ സമിതി- 14 വീട്
അല്‍ബിര്‍- കിഡ്‌സ് സ്‌കൂള്‍, വീടുകള്‍
ശോഭ ഗ്രൂപ്പ്- 50 വീട്
കണ്ണൂര്‍ പ്രവാസി- 25 വീട്
മെട്രോ ഗ്രൂപ്പ്- 25 വീടിനുളള സ്ഥലം
വ്യക്തികളും പ്രാദേശിക ക്ലബ്ബുകളുമൊക്കെ ഓഫര്‍ ചെയ്തത് വേറെയും കാണും. 900ഓളം വീടുകള്‍ വേണ്ടിടത്ത് 1500ഓളം വീടുകളുടെ ഓഫര്‍ ഇതിനകം വന്നു കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ പീപ്പിള്‍സ് ഫൗണ്ടേഷന്‍, സമസ്ത ഉള്‍പ്പെടെ പല സംഘടനകളും ദുരന്ത ബാധിത പ്രദേശത്തെ വീട് നിര്‍മാണത്തിനായി പിരിവ് നടത്തന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കോടിക്കണക്കിന് രൂപയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പ്രതീക്ഷിക്കുന്ന കേന്ദ്രസഹായം ഇതിനു പുറമേയാണ്.
ഇതുവരെ വന്ന ഓഫറുകള്‍ പാലിക്കപ്പെട്ടാല്‍ തന്നെ ഒരാള്‍ക്ക് രണ്ട് വീടുകള്‍ എന്ന തോതില്‍ നല്‍കാന്‍ സാധിക്കുന്ന നിലയാണുള്ളത്. കൃത്യമായ ആസൂത്രണവും നിയന്ത്രണവും ഇല്ലെങ്കില്‍ പണം വലിയ തോതില്‍ പാഴായിപ്പോകാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യത ഏറെയാണ്.
നിലവില്‍ ദുരന്തം കവര്‍ന്നെടുത്ത മൂന്ന് വാര്‍ഡുകളിലെയും മിക്ക ആളുകളും ഒരേ സ്ഥലത്ത് തന്നെ താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത്രയും പേരെ ഒരു പ്രദേശത്ത് തന്നെ പുനരധിവസിപ്പിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. സഹായം വാഗ്ദാനം ചെയ്ത എല്ലാ സംഘടനകളെയും വ്യക്തികളെയും കൂട്ടി യോജിപ്പിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പദ്ധതി നടപ്പാക്കിയാല്‍ മാത്രമേ ദുരന്തത്തിനിരയായ എല്ലാവര്‍ക്കും തുല്യരീതിയില്‍ ആനുകൂല്യം ലഭ്യമാക്കാനാവൂ. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇതിന് വേണ്ടി സര്‍ക്കാരും സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.


