ശെയ്ഖ ഹസീന അധികാരം രാജിവച്ച് പലായനം ചെയ്തതോടെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ വന്‍ കലാപം. (Bangaldesh Hindu Mass murder; Fact check) നൂറു കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, നിരവധി യുവതികള്‍ ബലാല്‍സംഗത്തിനിരയായി. കലാപത്തിന് പിന്നില്‍ പാകിസ്താനും ജമാഅത്തെ ഇസ്ലാമിയും ഐഎസും. ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പലായനം ചെയ്യാനൊരുങ്ങുന്നു.
|
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളിലും സംഘപരിവാര സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തകളാണിവ. യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്കെതിരേ ഈ പറയുന്നത് പോലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടോ. നമുക്ക് പരിശോധിക്കാം
കഴിഞ്ഞ ദിവസം ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിറര്‍ നൗ യുട്യൂബ് ചാനലില്‍ വന്ന ഒരൂ വീഡിയോയുടെ ടൈറ്റില്‍ ഇങ്ങിനെയാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം, കൂട്ട കൊലപാതകങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍.
എന്നാല്‍, വീഡിയോയില്‍ കാണിക്കുന്ന തീവയ്പ്പക്കപ്പെട്ട നാല് വീടുകളില്‍ രണ്ടെണ്ണം മുസ്ലിംകളുടേതായിരുന്നു. കൂട്ട കൊലപാതകങ്ങള്‍ എന്നൊക്കെയുള്ള വീഡിയോയുടെ തലക്കെട്ട് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. തീവയ്ക്കപ്പെട്ട വീടുകളിലൊന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര നായകന്‍ ശെയ്ഖ് മൂജിബീ റഹ്‌മാന്റേതാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു.
24 പേരെ ജീവനോടെ ചുട്ടുകൊന്നുവെന്നും ന്യൂനപക്ഷങ്ങളെ തിരിഞ്ഞു പിടിച്ച് ആക്രമിക്കുന്നുവെന്നും അതേ വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഹസീന പുറത്താക്കപ്പെട്ട ശേഷം ബംഗ്ലാദേശില്‍ ആകെ കൊല്ലപ്പെട്ടത് രണ്ട് ഹിന്ദുക്കള്‍ മാത്രമാണെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. അതില്‍ ഒരാള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റൊരാള്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവുമാണ്.
ഹസീന പലായനം ചെയ്ത തിങ്കളാഴ്ച്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് 199 പേരാണ് കൊല്ലപ്പെട്ടത്. ഭൂരിഭാഗവും അവാമി ലീഗ് നേതാക്കളും പ്രവര്‍ത്തകരും പ്രക്ഷോഭകരെ നേരിടാനെത്തിയ പോലീസുകാരുമാണ്. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് ഹിന്ദുക്കളെന്ന് എഎഫ്പി ന്യൂസ് ഏജന്‍സി ഫാക്ട് ചെക്കിങ് എഡിറ്റര്‍ ഖദറുദ്ദീന്‍ ശിഷിര്‍ സ്ഥിരീകരിച്ചതായി അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു.
ഒരാള്‍ വെള്ളത്തില്‍ ചാടി രക്ഷപ്പെടുന്ന വീഡിയോ സംഘപരിവാര സൈബര്‍ പട വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മുസ്ലിംകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഹൈന്ദവ വിശ്വാസി എന്ന പേരിലാണ് പ്രചാരണം. ഇയാളുടെ ഭാര്യയെയും മകളെയും മുസ്ലിംകള്‍ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്നും പിന്നീട് ആള്‍ക്കൂട്ടം ഇയാളെ വെള്ളത്തിലിട്ട് കല്ലെറിഞ്ഞു കൊന്നുവെന്നും പറയുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഈ വീഡിയോയില്‍ ഉള്ളത് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് വെള്ളത്തില്‍ ചാടി രക്ഷപ്പെടുന്ന അകാഹുറ മേയര്‍ തക്‌സീല്‍ ഖലീഫ കാജല്‍ ആണ്. ഇയാള്‍ മുസ്ലിമാണ്. ശെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെയാണ് അവാമി ലീഗ് നേതാവായ തക്‌സീല്‍ ഖലീഫയ്‌ക്കെതിരേ ജനക്കൂട്ടം തിരിഞ്ഞത്.
ബംഗ്ലാദേശില്‍ 170 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ എട്ട് ശതമാനാണ് ഹിന്ദുക്കള്‍. ഇവര്‍ പരമ്പരാഗതമായി അവാമി ലീഗിനെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്. അവാമി ലീഗ് പൊതുവേ മതേതരമെന്ന് കരുതപ്പെടുന്നതിനാലും പ്രതിപക്ഷത്ത് ഇസ്ലാമി പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതിനാലുമാണിത്.
ബംഗ്ലാദേശിലെ 64 ജില്ലകളില്‍ 20 എണ്ണത്തില്‍ ഹിന്ദു വീടുകള്‍ക്കു നേരെ ആക്രമണം നടന്നിട്ടുണ്ട്. എന്നാല്‍, ഇവയില്‍ പല വീടുകളും പരിശോധനാ വിധേയമാക്കിയപ്പോള്‍ അവര്‍ അവാമി ലീഗിന്റെ പ്രാദേശിക നേതാക്കളാണെന്ന് ബോധ്യപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് കാരണം മതപരമല്ല, മറിച്ച് രാഷ്ട്രീയമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു. അവാമി ലീഗുമായി ബന്ധമില്ലാത്ത വീടുകളൊന്നും ആക്രമിക്കപ്പെട്ടതായി തന്റെ അറിവിലില്ലെന്ന് ബംഗ്ലാദേശിലെ ഹൈന്ദവ സമൂഹത്തിന്റെ നേതാക്കളിലൊരാളായ ഗോബീന്ദ്ര ചന്ദ്ര പ്രമാണിക് പറഞ്ഞു. അവാമി ലീഗ് ബന്ധത്തിന്റെ പേരില്‍ പത്തിരട്ടി മുസ്ലിം വീടുകളും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുസ്ലിം മതപാഠശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും വീടുകള്‍ക്കും കാവല്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ബംഗ്ലാദേശില്‍ നിന്ന് വരുന്നുണ്ട്. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ തിങ്ങിത്താമസിക്കുന്ന ബ്രാഹ്ണ്‍ബാരിയയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഹിന്ദുവീടുകളുടെ സംരക്ഷണത്തിന് വേണ്ടി രംഗത്തിറങ്ങിയത്. ഇക്കാര്യം ഗോബീന്ദ്ര ചന്ദ്ര പ്രമാണിക് സ്ഥീരികരിച്ചു. മസ്ജിദുകളില്‍ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. ക്ലാരിയോണ്‍ ഇന്ത്യ, ദി വയര്‍ തുടങ്ങിയവ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബാഹ്ര്മണ്‍ ബാരിയയില്‍ ഒരു മുറിയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം വര്‍ഗീയ വിഷം പുരട്ടി സംഘപരിവാരം പ്രചരിപ്പിക്കുന്നുണ്ട്. നാലു മൃതദേഹങ്ങളും കഴുത്തില്‍ കയറിട്ട് കുരുക്കിയ നിലയിലായിരുന്നു. ഒരു ഹിന്ദു കുടുംബത്തെ ഒട്ടാകെ മുസ്ലിം ജിഹാദികള്‍ കൂട്ടക്കൊല ചെയ്തുവെന്നും ബംഗ്ലാദേശി ഹിന്ദുക്കളെ രക്ഷിക്കാന്‍ ആരുമില്ലേ എന്ന അടിക്കുറിപ്പോട് കൂടിയാണ് ഈ ഫോട്ടോ പ്രചരിക്കുന്നത്. എന്നാല്‍, സാമ്പത്തിക പരാധീനത കാരണം 2024 ജൂലൈ 28ന് ബ്രാഹമണ്‍ ബാരിയയിലെ ബിജോയ് പാറയില്‍ ആത്മഹത്യ ചെയ്ത മുസ്ലിം കുടുംബത്തിന്റേതാണ് ഈ ചിത്രമെന്ന് ദൈനിക് ഇത്തിഫാഖ് റിപോര്‍ട്ട് ചെയ്യുന്നു. സൊഹാഗ് മിയ, ജന്നത്തുല്‍ ബീഗം അവരുടെ മക്കളായ ഫാരിയ, ഫാഹിമ എന്നിവരാണ് മരിച്ചവര്‍.
ഹിന്ദു ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം നടന്നതായുള്ള ചില വാര്‍ത്തകള്‍ വസ്തുതാപരമാണെങ്കിലും ഇന്ത്യന്‍ മീഡിയകള്‍ ഇക്കാര്യം പര്‍വതീകരിക്കുകയാണെന്ന് ദി വയര്‍ എഡിറ്റര്‍ സിദ്ദാര്‍ത്ഥ വരദരാജന്‍ പറഞ്ഞു. ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി മുസ്ലിം വിരോധം ആളിക്കത്തിക്കാന്‍ ചില മീഡിയകള്‍ ബംഗ്ലാദേശിലെ സാഹചര്യത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്രോള്‍ ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ നരേഷ് ഫെര്‍ണാണ്ടസും. ഇതേ അഭിപ്രായക്കാരനാണ്.
ബംഗ്ലാദേശിനെ അസ്ഥിരമാക്കാനാണ് ഇത്തരം പ്രചരാണങ്ങളിലൂടെ ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഫരീദ് എര്‍കിസിയ ബക്ത് അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരുമായി ശക്തമായ സൗഹൃദം സൂക്ഷിച്ചിരുന്ന ഹസീനയുടെ പടിയിറക്കം ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ടെന്നും അതാണ് വ്യാജ പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ അക്രമം നടക്കുന്നുണ്ടെങ്കിലും അതിന്റെ എണ്ണം പെരുപ്പിച്ച് കാണിക്കുകയാണെന്ന് ബംഗ്ലാദേശി ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അനുപം ദെബാശിശ് അല്‍ ജസീറയോട് പറഞ്ഞു. ബംഗ്ലാദേശിനെ ഇസ്ലാമിക ശക്തികള്‍ കൈയടക്കിയെന്ന പ്രചാരണം വ്‌സുതാപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ്ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്ത് വന്നതോടെ ഇത്തരം പ്രചാരണങ്ങള്‍ പൊളിയുമെന്ന് ബംഗ്ലാദേശ് രാഷ്ട്രീയ നിരീക്ഷകനായ ശഫഖത്ത് റബ്ബീ പറഞ്ഞു.


