നിലവിലുള്ള ജോലി രാജിവെച്ച് സ്വന്തമായി എന്തെങ്കിലും സംരംഭവം തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന യുവാക്കള്‍ നിരവധിയാണ്.(Ready to quit your job and start a startup? Karnataka will pay Rs 25000 per month) എന്നാല്‍, പുതുതായി തുടങ്ങുന്ന ബിസിനസ് ക്ലച്ച് പിടിക്കുന്നതുവരെ ജീവിക്കാന്‍ എന്ത് ചെയ്യുമെന്ന ആശങ്കയാണ് പലരെയും പിന്തിരിപ്പിക്കുന്നത്. അത്തരക്കാരെ സഹായിക്കാന്‍ ശ്രദ്ധേയമായ ഒരു പദ്ധതി മുന്നോട്ട് വച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.
|
ഇത്തരത്തില്‍ സംരഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മാസം തോറും 25000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ഐടി-ബയോടെക്നോളജി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ആഗസ്റ്റ് 9ന് ബംഗളുരുവില്‍ വെച്ച് നടന്ന മണികണ്‍ട്രോള്‍ സ്റ്റാര്‍ട്ട് അപ്പ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞങ്ങള്‍ ഉടന്‍ തന്നെ ഒരു സംരംഭകത്വ പരിപാടി ആരംഭിക്കും. ഒരു സംരംഭകനാകാന്‍ ജോലി രാജിവെയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 25000 രൂപ ധനസഹായം നല്‍കും. പണപ്പെരുപ്പ കാലത്ത് ഇതൊരു ചെറിയ തുകയാണെന്നറിയാം. എന്നാല്‍ വീട്ടുചെലവുകള്‍ ഒരുപരിധി വരെ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” -ഖാര്‍ഗെ പറഞ്ഞു.
2024-25ലെ സംസ്ഥാന ബജറ്റില്‍ യുവസംരംഭകര്‍ക്കായി സിദ്ധരാമയ്യ സര്‍ക്കാര്‍ രാജീവ് ഗാന്ധി സംരംഭകത്വ പദ്ധതി (Rajiv Gandhi Entrepreneurship Programme -RGEP) പ്രഖ്യാപിച്ചിരുന്നു. സയന്‍സ്-എന്‍ജിനീയറിംഗ് പശ്ചാത്തലമുള്ളവര്‍ക്കായാണ് ആര്‍ജിഇപി പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന ഐടി-ബയോടെക്നോളജി വകുപ്പ് അറിയിച്ചു.
ഈ പശ്ചാത്തലത്തിലുള്ളവര്‍ക്ക് പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് 25000 രൂപയാണ് സ്‌റ്റൈപെന്‍ഡ് ആയി നല്‍കുക. ഇതിനൊപ്പം കെ-ടെക് ഇന്നൊവേഷന്‍ ഹബ്ബുകളുടെ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും.
മറ്റ് സംസ്ഥാനങ്ങളിലുള്ള നിരവധി സംരംഭകര്‍ കര്‍ണാടകയുടെ ഈ സംവിധാനത്തില്‍ ആകൃഷ്ടരായി ഇങ്ങോട്ടേക്ക് എത്തുന്നുണ്ടെന്നും കര്‍ണാടകയില്‍ അവരുടെ ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കി.
”ഒറ്റ രാത്രികൊണ്ടല്ല ലോകത്തിലെ നാലാമത്തെ വലിയ ടെക്നോളജി ക്ലസ്റ്ററായി ബംഗളൂരു മാറിയത്. ഘട്ടംഘട്ടമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. നിരവധി നൂതന കണ്ടുപിടിത്തങ്ങള്‍ക്കും ഈ പുരോഗതി ആക്കം കൂട്ടി. ഇന്നോവേഷന്‍ ഇന്‍ഡെക്സില്‍ കര്‍ണാടക ഇന്ന് ഒന്നാം സ്ഥാനത്താണ് നിലകൊള്ളുന്നത്.”- ഖാര്‍ഗെ പറഞ്ഞു. പ്രത്യേകം മേഖല തിരിച്ചുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”32 രാജ്യങ്ങളുമായി ഞങ്ങള്‍ ഗ്ലോബല്‍ ഇന്നോവേഷന്‍ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴികള്‍ സുഗമമാക്കും,” അദ്ദേഹം പറഞ്ഞു. കര്‍ണാടകയെ പോലെ രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഇത്തരം കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുന്നില്ലെന്നും ഖാര്‍ഗെ അവകാശപ്പെട്ടു.





