27
Aug 2024
Tue
27 Aug 2024 Tue
Bail is the law - supreme court in pfi case

ന്യൂഡല്‍ഹി: ‘ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണ്’ എന്ന തത്ത്വം യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങളിലും ബാധകമാണെന്ന് സുപ്രിംകോടതി. (‘Bail is law’ in UAPA case too; Supreme Court grants bail to Popular Front activist) നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് വീടിന്റെ മുകള്‍നില വാടകയ്ക്ക് കൊടുത്തെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിച്ചാണ് സുപ്രധാന വിധി. ജസ്റ്റിസുമാരായ അഭയ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെങ്കില്‍ പോലും അര്‍ഹതയുള്ള കേസുകളില്‍ ജാമ്യം അനുവദിക്കാന്‍ കോടതി മടിക്കില്ല. യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങളില്‍ പോലും ‘ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണ്’ എന്ന തത്ത്വം ബാധകമാണ്. അര്‍ഹതപ്പെട്ട കേസുകളില്‍ കോടതികള്‍ ജാമ്യം നിഷേധിക്കാന്‍ തുടങ്ങിയാല്‍, അത് ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമായിരിക്കുമെന്നും” വിധിപ്രസ്താവത്തില്‍ കോടതി ഊന്നിപ്പറഞ്ഞു.

പറ്റ്ന ഫുല്‍വാരി ഷരീഫ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ജലാലുദ്ദീന്‍ ഖാന്‍ എന്നയാള്‍ക്കാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഇദ്ദേഹത്തിനെതിരേ യുഎപിഎയിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാര്‍ സന്ദര്‍ശനം തടസ്സപ്പെടുത്താനുള്ള ഗൂഡാലോചനയിലും പോപുലര്‍ പ്രണ്ടിന്റെ മറ്റ് പ്രവര്‍ത്തനങ്ങളിലും ജലാലുദ്ദീന്‍ പങ്കാളിയായിരുന്നു എന്നാണ് ആരോപണം.

വാടകയ്ക്ക് നല്‍കിയ ജലാലുദ്ദീന്‍ ഖാന്‍ വീടിന്റെ മുകള്‍നില അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കാനും ക്രിമിനല്‍ ഗൂഢാലോചന യോഗങ്ങള്‍ നടത്താനും ഉപയോഗിച്ചെന്നാണ് എന്‍ഐഎയുടെ ആരോപണം. ഭീകരപ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും നടത്താനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കാനും ലക്ഷ്യമിട്ട് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് 2022 ജൂലൈ 11നാണ് ഫുല്‍വാരി ഷരീഫ് പോലിസ് ജലാലുദ്ദീന്‍ ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. നേരത്തേ എന്‍ഐഎ പ്രത്യേക കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് പറ്റ്ന ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.

കുറ്റത്തിന്റെ വ്യാപ്തിയും തെളിവ് നശിപ്പിക്കാനും കുറ്റം ആവര്‍ത്തിക്കാനുമുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രത്യേക കോടതിയുടെ വിധി ശരിവച്ചത്. കേസില്‍ സഹപ്രതിയായി ചേര്‍ത്തിരുന്ന അഡ്വക്കറ്റ് നൂറുദ്ദീന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പിഎഫ്‌ഐ പോലുള്ള നിരോധിത സംഘടനയിലെ പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കുന്നത് ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം നല്‍കിയത്.

ഹൈക്കോടതി വിധിക്കെതിരേ ജലാലുദ്ദീന്‍ ഖാന്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.