28
Aug 2024
Tue
28 Aug 2024 Tue
Kafir screen shot at first spread in left cyber groups police submits report before court

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി ഷൈജല ടീച്ചറിനെതിരേ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. വടകര സിഐ സുനിൽകുമാർ ആണ് ഇതുസംബന്ധിച്ച റിപോർട്ട് സമർപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. 2024 ഏപ്രിൽ 25ന് വൈകിട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ ആയ മനീഷിനെ ചോദ്യം ചെയ്തപ്പോൾ ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന മറുപടി നൽകി.

ALSO READ: വടകരയിലെ കാഫിര്‍ പ്രചാരണ കേസില്‍ യൂത്ത് ലീഗ് നേതാവിനെതിരേ തെളിവില്ലെന്ന് പോലീസ് കോടതിയില്‍

ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.34നാണ് ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അമലിന്റെ മൊഴി. ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടു.

ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ പോലീസ് വ്യക്തമാക്കുന്നത്.

പോരാളി ഷാജി അക്കൗണ്ടിൽ നിന്ന് ഈ പോസ്റ്റ് നീക്കം ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഫേസ്ബുക്ക് അധികൃതർ തയ്യാറായില്ലെന്നും ഇതിനാൽ ഫേസ്ബുക്ക് കമ്പനിയായ മെറ്റ പ്ലാറ്റ്ഫോം ഇൻകിനെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.

ALSO READ: വടകരയിലെ കാഫിര്‍ പരാമര്‍ശം; പോലീസ് അനങ്ങുന്നില്ല, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കോടതിയിലേക്ക്