29
Aug 2024
Thu
29 Aug 2024 Thu
Independence Day Narendra modi

ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.(Independence Day: Narendra Modi announced to implement a uniform civil code) സ്വാതന്ത്ര്യദിന പ്രഭാഷണത്തിലാണ് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്കുള്ള സൂചന. സിവില്‍കോഡ് രാജ്യത്തിന് ആവശ്യമാണെന്നാണ് മോദി പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതപരമായ വിവേചനം ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് മോദി നല്‍കിയ വിശദീകരണം. നിലവിലെ സിവില്‍ കോഡ് വര്‍ഗീയമാണെന്നും മതേതര ബദലിനായാണ് വാദിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കില്‍ മാത്രമേ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്നും നമുക്ക് മുക്തരാവാനാകൂ.’ – പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനം ഉത്തരാഖണ്ഡാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഏക സിവില്‍കോഡ്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവില്‍ കോഡ്.

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം, ബംഗ്ലാദേശ് പ്രക്ഷോഭം, ഒളിമ്പിക്സ് തുടങ്ങി വിവിധ വിഷയങ്ങള്‍ മോദി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കൊളോണിയല്‍ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ പിന്മുറക്കാരാണെന്നതില്‍ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാല്‍ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകും -മോദി പറഞ്ഞു.

രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ രാജ്യം വേദനയോടെ ഓര്‍ക്കുന്നുവെന്ന് മോദി പറഞ്ഞു.

രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചുവരികയാണ്. നിരവധി ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നഷ്ടങ്ങളുണ്ടായി. രാജ്യത്തിനും നഷ്ടം സംഭവിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഈ രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വയനാട് സന്ദര്‍ശിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് വലിയ സഹായ വാഗ്ദാനം പ്രതീക്ഷിച്ചെങ്കിലും കാര്യമായ പ്രഖ്യാപനമൊന്നുമില്ലാതെയാണ് മോദി മടങ്ങിയത്.