ന്യൂഡല്‍ഹി: പ്രധാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര നീക്കം പൊളിഞ്ഞു. (Lateral entry: Rahul comment about Modi govt uturn) പ്രതിപക്ഷത്തിനൊപ്പം ചില ഘടക കക്ഷികളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് കേന്ദ്രം തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. ലാറ്ററല്‍ എന്‍ട്രിക്കായി നല്‍കിയ പരസ്യം പിന്‍വലിക്കാന്‍ യുപിഎസ്‌സി തലവന് കേന്ദ്രം നിര്‍ദേശം നല്‍കി.
|
തീരുമാനം പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. എന്‍ഡിഎ ഘടകകക്ഷികള്‍ ഉള്‍പ്പെടെ എതിര്‍പ്പ് അറിയിച്ചതോടെയാണ് കേന്ദ്രം തീരുമാനത്തില്‍ നിന്ന് മലക്കം മറിയുന്നത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് തീരുമാനമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
യുപിഎസ്സി വഴി ഉദ്യോഗസ്ഥര്‍ നിയമിതരാകേണ്ട കേന്ദ്ര സര്‍ക്കാരിന്റെ 24 മന്ത്രാലയങ്ങളിലെയും ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, തസ്തികകളിലേക്കുള്ള 45 ഒഴിവുകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആര്‍എസ്എസ് നോമിനികളെ പ്രധാന തസ്തികകളില്‍ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇതിന് പിന്നാലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
എന്ത് വിലകൊടുത്തും ചെറുക്കും
‘ലാറ്ററല്‍ എന്‍ട്രി പോലുള്ള ബിജെപിയുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നും ഭരണഘടനയും സംവരണവും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
‘ഇന്ത്യന്‍ ഭരണഘടനയും സംവരണവും ഞങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കും. ബിജെപിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഡാലോചനകളെ ഞങ്ങള്‍ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും. ഞാന്‍ വീണ്ടും പറയുന്നു , 50 ശതമാനം എന്ന പരിധി അവസാനിപ്പിച്ചുകൊണ്ട് ജാതിക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സാമൂഹ്യനീതി നടപ്പാക്കും.’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

പിന്നാക്ക-ദലിത്-ന്യൂനപക്ഷ ഐക്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിയെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. പുതിയ സാഹചര്യത്തില്‍ ലാറ്ററല്‍ എന്‍ട്രിക്കെതിരായി ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന സമരം മാറ്റിവെക്കുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
സംവരണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയെങ്കിലും സഖ്യകക്ഷിമന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിവാദ നീക്കം പിന്‍വലിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്നാണ് മൂന്നാം മോദി സര്‍ക്കാരില്‍ ഭക്ഷ്യസംസ്‌കരണ മന്ത്രി കൂടിയായ ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ വ്യക്തമാക്കിയത്.
തന്റെ പാര്‍ട്ടി എല്ലായ്പ്പോഴും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണെന്നും സര്‍ക്കാരിന്റെ നീക്കം തികച്ചും തെറ്റാണെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് കേന്ദ്രം തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞത്.





